നാഗർകോവിൽ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ലോക്ക്ഡൗൺ ലംഘിച്ച് കട തുറന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരി ജയരാജനും മകൻ ജെ.ബെന്നിക്സും സാത്താൻകുളം പൊലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അറിയിച്ച് കേന്ദ്രം തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന് തമിഴ്‍നാട് സർക്കാരും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കേസിൽ സാത്താൻകുളം സ്റ്റേഷനിലെ എസ്.ഐ പാൽത്തുറ ഉൾപ്പെടെ അഞ്ച് പൊലീസുകാർ കൂടി അറസ്റ്റിലായി. സി.ബി.സി.ഐ.ഡി സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായ പൊലീസുകാരുടെ എണ്ണം പത്തായി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്.
അച്ഛനെയും മകന്റെയും കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.