sarit-swapna
സ്വപ്ന

 സ്വർണം വിട്ടുനൽകാൻ സമ്മർദ്ദം ചെലുത്തിയത് 12 പേർ

 മുഴുവൻ പേരെയും വിളിച്ചുവരുത്തുമെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സർക്കാരിനെ പിടിച്ചുലച്ച നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുവേണ്ടി രണ്ടു മന്ത്രിമാരുടെ പേഴ്ണൽ സ്റ്റാഫ് അംഗങ്ങളും സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 12 പേർ ഇ‌ടപെട്ടതായി കസ്റ്റംസിന് വിവരം ലഭിച്ചു. യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ വിമാനത്തിലെത്തിച്ച 30 കിലോ സ്വർണം അടങ്ങിയ കാർഗോ വിട്ടുനൽകാൻ ഇവർ കസ്റ്റംസിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതോടെ,​ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിലും ഇടപാടുകളിലും ഭരണസിരാകേന്ദ്രം തന്നെ സംശയത്തിന്റെ നിഴലിലായി.

സ്വപ്നയ്‌ക്കായി ശുപാർശ ചെയ്തവരുടെ ഫോൺ നമ്പരുകളും റെക്കാഡ് ചെയ്ത സംഭാഷണവുമടക്കം അന്വേഷണ സംഘം കസ്റ്റംസ് കമ്മിഷണർ സുമിത്കുമാറിന് സമർപ്പിച്ചു. ശുപാർശക്കാരെയെല്ലാം നോട്ടീസ് നൽകി വിളിച്ചുവരുത്തും. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ആവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ പേരു പറഞ്ഞ് തിരുവനന്തപുരത്തെ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ലാൻഡ് ഫോണിൽ നിന്ന് വിളിയെത്തിയിരുന്നു. വിളിച്ച നമ്പർ പരിശോധിച്ചപ്പോൾ, ആൾത്താമസമില്ലാത്ത ഡോക്ടറുടെ വീട്ടിലേതാണെന്ന് വ്യക്തമായെന്ന് കസ്റ്റംസ് പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ വിളിച്ചതായി കസ്റ്റംസ് സ്ഥിരീകരിക്കുന്നില്ല. എന്നാൽ, ഒരു അണ്ടർസെക്രട്ടറിയടക്കം സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ വിളിച്ചതായി പറയുന്നു. ഇതിലൊരാൾ മുഖ്യമന്ത്രിയുടെ വകുപ്പിലുള്ളയാളാണ്.

ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരം തിരക്കി വിളിച്ചു. ഇവരെ നയതന്ത്ര ബാഗേജെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തെ പ്രധാന കസ്റ്റംസ് ക്ലിയറിംഗ് ഏജന്റടക്കം മൂന്ന് ഏജന്റുമാർ ബാഗ് വിട്ടുനൽകാൻ സമ്മർദ്ദം ചെലുത്തി. തിരുവനന്തപുരത്തെ മുതിർന്ന ഏജന്റ് നേരിട്ടെത്തിയെന്നും സൂചനയുണ്ട്. ഡൽഹിയിൽ ഉന്നതപദവിയുള്ള സംസ്ഥാനത്തെ നേതാവും കസ്റ്റംസിനെ വിളിച്ചതായി അറിയുന്നു.

ആ പന്ത്രണ്ടു പേർ

 രണ്ട് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങൾ

 സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ

 ഡൽഹിയിലെ ഉന്നതപദവിയുള്ള നേതാവ്

 ഡൽഹി, മുംബയിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ

 മൂന്ന് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റുമാർ

 മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ പേരിൽ

അറ്റാഷെയെത്തേടി കസ്റ്റംസ്

യു.എ.ഇ കോൺസലേറ്റിലെ അറ്റാഷെ റാഷിദ് കമീസ് അൽ-മുഷാഖരി അൽഷിമേലിയെ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. ഇദ്ദേഹത്തിന്റെ പേരിലാണ് സ്വർണമടങ്ങിയ ബാഗെത്തിയത്. ബാഗ് തടഞ്ഞതറിഞ്ഞ് ഇദ്ദേഹം വിമാനത്താവളത്തിലെത്തിയിരുന്നു. നയതന്ത്രപരിരക്ഷയുള്ള ഇദ്ദേഹത്തെ ചോദ്യംചെയ്യാൻ യു.എ.ഇയുടെ അനുമതി തേടിയിരിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗുകൾ വിമാനത്താവളത്തിൽ നിന്ന് ശേഖരിക്കാൻ സരിത്തിന് അനുമതി നൽകിയതും ഇദ്ദേഹമാണെന്ന് സംശയിക്കുന്നു.