തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പൂന്തുറയിൽ സാമൂഹിക വ്യാപനത്തെക്കാൾ ഭയാനകമായ സൂപ്പർസ്‌പ്രെഡ്‌ സ്ഥിരീകരിച്ചു. സംസ്ഥാനത്താദ്യമായാണ് സൂപ്പർ സ്‌പ്രെഡ്‌ സ്ഥിരീകരിക്കുന്നത്. രോഗം ബാധിക്കുന്നത് സമ്പർക്കം വഴിയാണെന്നതാണ് സൂപ്പർ സ്‌പ്രെഡിന് കാരണമാകുന്നത്. ഇന്നലെ മാത്രം 55 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിനം രോഗികളുടെ എണ്ണം രണ്ടും മൂന്നും മടങ്ങായി വർദ്ധിക്കുന്നതിനാൽ മേഖലയിലെ രോഗവ്യാപനം തടയാൻ കഴിയാതെ അധികൃതർ ബുദ്ധിമുട്ടുകയാണ്. തീരദേശ മേഖലയായ ഇവിടെ കൊവിഡ് രോഗിയിൽ നിന്നും നിരവധി പേർക്ക് രോഗം പകരുകയും ഇയാളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കപ്പട്ടികയിൽ മുന്നൂറിലേറെ ആളുകൾ ഉൾപ്പെടുകയും ചെയ്‌തതോടെ പൂന്തുറയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാൻ പൊലീസ് കമാൻഡ‍ോകളെ രം​ഗത്തിറക്കി. കൊവിഡ് രോ​ഗിയായ ഒരാളുടെ പ്രാഥമിക സമ്പർക്കത്തിൽ 120 പേരും സെക്കൻഡ‍റി കോൺടാക്ടായി 150ഓളം പേരുമുണ്ടെന്നാണ് ആരോ​ഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പൂന്തുറയിൽ കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 160 ലധികം പേർ പോസിറ്റീവ് ആയെന്നാണ് വിവരം. സ്ഥിതി അതീവ ഗുരുതരമാണെന്ന് മനസിലായതോടെയാണ് യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളൊരുക്കാൻ അവലോകന യോ​ഗത്തിൽ ചീഫ് സെക്രട്ടറി,​ ആരോഗ്യ സെക്രട്ടറി,​ പൊലീസ് മേധാവി,​ ജില്ലാ കളക്ടർ എന്നിവർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. പൂന്തുറയിലേക്ക് പുറത്തുനിന്ന് ആളുകൾ എത്തുന്നത് തടയാൻ അതിർത്തികൾ അടച്ചിടാനും തീരുമാനിച്ചു. കടൽ വഴി ആളുകൾ പൂന്തുറയിലെത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകളിൽ കൊവിഡ് പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു. പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകി.