തിരുവനന്തപുരം: നഗരത്തിൽ പൂന്തുറയിലും സമീപ പ്രദേശങ്ങളായ മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളിലും കൊവിഡ് തോതിൽ വർദ്ധനയുണ്ടായ സാഹചര്യത്തിൽ ഈ വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായമായി അഞ്ച് കിലോ അരി സൗജന്യമായി സർക്കാർ വിതരണം ചെയ്യും. മാണിക്യവിളാകം വാർഡിൽ 244, 242, 238, 303 നമ്പർ റേഷൻ കടകളിലും പൂന്തുറ വാർഡിൽ 269, 302, 241 നമ്പർ റേഷൻ കടകളിലും പുത്തൻപള്ളി വാർഡിൽ 245, 286, 274, 259 നമ്പർ റേഷൻകടകളിലും സൗജന്യ റേഷൻ വിതരണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലായ് ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണമെന്ന് സപ്ളൈ ഓഫീസർ അറിയിച്ചു. രാവിലെ ഏഴുമണി മുതൽ 11 വരെയായിരിക്കും റേഷൻ കടകളുടെ പ്രവർത്തനം.