തിരുവനന്തപുരം: സ്വർണക്കടത്തിലെ പ്രധാന കണ്ണിയായ സന്ദീപ് നായർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമെന്നാണ് അമ്മ ഉഷ രാവിലെ ചാനലുകളോട് വെളിപ്പെടുത്തിയത് വിവാദമായതോടെ രംഗത്തെത്തിയ സി.പി.എമ്മുകാർ സന്ദീപ് ബി.ജെ.പിക്കാരാണെന്ന് പറഞ്ഞു . വൈകുന്നേരത്തോടെടെ അമ്മയും ചുവട് മാറ്റി. തിരഞ്ഞെടുപ്പ് സമയത്ത് മകൻ ബി.ജെ.പിക്കുവേണ്ടി പണിയെടുക്കുമെന്നായി.
ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ്.കെ.പി .രമേശിന്റെ ജീവനക്കാരനാണ് സന്ദീപെന്ന ആരോപണവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇതിനിടെ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ബി.ജെ.പി അനുഭാവമാണ് സന്ദീപ് പ്രകടമാക്കുന്നതെന്നും കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സന്ദീപുണ്ടായിരുന്നുവെന്നും നാഗപ്പൻ പറഞ്ഞു.
ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്ന സന്ദീപ് പിന്നീട് പലരുടെയും ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. കുറച്ചുനാൾ ബി.ജെ.പി കൗൺസിലറുടെ ഡ്രൈവറുമായിരുന്നു.പിന്നീട്
നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന വർക്ക്ഷോപ്പിന്റെ ഉടമയായി. വർക്ക്ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഈ വർക്ക്ഷോപ്പ് സ്വപ്നയുടെയും സരിത്തിന്റെയും ബിനാമി ഉടമസ്ഥതയില്ലുള്ളതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് സന്ദീപിന്റെ വർക്ക്ഷോപ്പ് സ്പീക്കർ ഉദ്ഘാടനം ചെയ്തത്. ആ സമയത്തും സന്ദീപ് സ്വർണ്ണക്കടത്തിൽ പ്രതിയായിരുന്നു
2014 ൽ സ്വർണ്ണക്കടത്തിന് സന്ദീപ് തിരുവനന്തപുരത്ത് അറസ്റ്റിലായിരുന്നു. എയർ കസ്റ്റംസ് അന്ന് സന്ദീപിന്റെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തിരുന്നു. സന്ദീപ് -സ്വപ്ന സ്വർണ്ണക്കടത്ത് സംഘത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപ് ഇടയ്ക്കിടെ ദുബായിൽ പോയിരുന്നു. സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നാ സുരേഷിനെ പരിചയമുണ്ടെന്ന് സന്ദീപ് നായരുടെ അമ്മ പറഞ്ഞു.