തിരുവനന്തപുരം: ജനസാന്ദ്രതയേറിയ പൂന്തുറയിലും സമീപ പ്രദേശത്തും കൊവി‌‌ഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. നഗരത്തിലെ പ്രധാന മത്സ്യമാർക്കറ്റായ കുമരിച്ചന്തയിലെ മത്സ്യമൊത്ത വ്യാപാരിക്ക് രോഗം വന്നതിനെ തുടർന്നാണ് ഇത്രമേൽ രൂക്ഷമായ നിലയിലേക്ക് കാര്യങ്ങളെത്തിയത്. ഉറവിടമില്ലാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം പൂന്തുറയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത് സമൂഹവ്യാപനത്തിന്റെ സൂചനയാണ് നൽകുന്നത്. ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ വ‌ർദ്ധന ഉണ്ടായിരിക്കുന്ന പൂന്തൂറ,​ മാണിക്യവിളാകം,​ പുത്തൻപള്ളി,​ വലിയതുറ പ്രദേശങ്ങളിലുള്ളവരിൽ ഭൂരിഭാഗവും മത്സ്യവിപണനവുമായി ബന്ധപ്പെട്ടവരാണ്. ആദ്യം രോഗം സ്ഥിരീകരിച്ച മൊത്തവ്യാപാരി തമിഴ്നാട്ടിൽ നിന്നും മത്സ്യമെത്തിക്കുന്ന ആളാണ്. ഇയാളിൽ നിന്നാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാർക്കറ്റിലെ ചുമട്ട് തൊഴിലാളികൾക്കും രോഗം ബാധിച്ചത്. പുന്തുറ,​ വലിയതുറ എന്നിവിടങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ ഇപ്പോൾ മത്സ്യബന്ധനത്തിനു പോകുന്നത് വിഴിഞ്ഞത്താണ്. സീസണായതിനാൽ കൊല്ലം,​ കന്യാകുമാരി ജില്ലകളിൽ നിന്നുവരെ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് എത്തും. പൂന്തുറയിൽ കൊവിഡ് സ്ഥിരീകരിച്ച് രണ്ടുനാൾ കഴിഞ്ഞപ്പോഴാണ് വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനെത്തിയ പുല്ലുവിള സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

മുൻകരുതലുകൾ തള്ളിയതിന്റെ ഫലം

ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പതിവുപോലെ മാർക്കറ്റുകൾ പ്രവർത്തിക്കാനും തുറമുഖത്ത് മത്സ്യബന്ധനത്തിനും ലേലം നടത്താനുമൊക്കെ കഴിയുമെന്നായതോടെ തിരക്ക് വർദ്ധിച്ചു. സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകൾ ആരും ചെവിക്കൊണ്ടില്ല. കുമരിച്ചന്തയിലും വിഴിഞ്ഞത്തും ഇക്കാര്യം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകാത്തതും തിരിച്ചടിയായി. കന്യാകുമാരിയിൽ നിന്നും മത്സ്യംവാങ്ങാൻ പോകരുതെന്ന് പൂന്തുറയിലെ മൊത്ത വ്യാപാരികളോട് നഗരസഭാധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ കൂടുതൽ ലാഭം തേടി ചിലർ മുന്നറിയിപ്പ് ലംഘിച്ചു.

നഗരവാസികൾ ഭയപ്പാടിൽ

പൂന്തുറ,​ വലിയതുറ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലെ ചന്തകളിലേക്കും വീടുകളിലേക്കും സ്ത്രീകൾ മത്സ്യം എത്തിക്കുന്നത്. രോഗം സ്ഥിരീകരിച്ച മത്സ്യ മൊത്ത വ്യാപാരികളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇവരുള്ളതാണ് നഗരവാസികളെ ആശങ്കയിലാക്കുന്നത്.