തിരുവനന്തപുരം: കൊവിഡ് കാലത്ത് വീണുകിട്ടിയ സ്വർണക്കടത്ത് വിവാദത്തെ മൂർച്ചയേറിയ തിരഞ്ഞെടുപ്പ് ആയുധമായി യു.ഡി.എഫും ബി.ജെ.പിയും രാകിമിനുക്കവേ, വിഷയത്തിൽ കരുതലോടെ നീങ്ങാൻ ഇടതുമുന്നണി.
സെക്രട്ടറിയെ മുഖ്യമന്ത്രി സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും ആക്രമണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതിപക്ഷം മാറ്റിപ്പിടിക്കുന്നില്ല. മറിച്ച് കുറ്റസമ്മതത്തിന്റെ തെളിവായി കണ്ട് ആക്രമണം കനപ്പിക്കുകയാണ്. സ്പ്രിൻക്ലർ അടക്കം വിവാദങ്ങളെ വിദഗ്ദ്ധമായി മറികടന്ന ഇടതുമുന്നണിക്ക് സ്വർണക്കടത്ത് വിഷയം പക്ഷേ പ്രതിസന്ധിയാണെന്ന് പ്രതിപക്ഷം കാണുന്നു. സോളാർ വിവാദത്തിൽ ഇടതുപക്ഷം അന്നത്തെ മുഖ്യമന്ത്രിക്ക് നേരേ തൊടുത്തുവിട്ട ശരങ്ങൾ മറ്റൊരു രൂപത്തിൽ ഇവിടെ പ്രയോഗിക്കാൻ യു.ഡി.എഫും ബി.ജെ.പിയും മത്സരിക്കുന്നു. ഇടതുമുന്നണിയെ അസ്വസ്ഥമാക്കുന്നതും ഇതാണ്.
പ്രതിപക്ഷ നീക്കങ്ങളെ കണ്ടറിഞ്ഞ് പ്രതിരോധിക്കാനാണ് ഇടതുനീക്കം. വിവാദമുണ്ടായ ഉടൻ ഐ.ടി വകുപ്പിന് കീഴിലെ പ്രോജക്ടിൽ ജോലി ചെയ്തുവന്ന സ്വപ്നയെ പുറത്താക്കിയതും ശിവശങ്കറിനെ മാറ്റിയതുമെല്ലാം വിവാദത്തിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കാമെന്ന ചിന്തയിലാണ്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യം ഉണ്ടാക്കിയതിനെ ആദ്യം വിമർശിച്ചെങ്കിലും ഉടനുണ്ടായ നടപടികളെ അംഗീകരിക്കാൻ സി.പി.ഐ തയാറായതും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ്.
ഏതന്വേഷണത്തെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതും സമഗ്രാന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തണമെന്ന് സി.പി.എമ്മും സി.പി.ഐയും നിലപാടെടുത്തതും സർക്കാർകരങ്ങൾ ശുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണ്. പ്രതികളിലൊരാളുമായുള്ള സെക്രട്ടറിയുടെ വ്യക്തിബന്ധമെന്നതിനപ്പുറത്തേക്ക്, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് കണ്ണി ചേർക്കപ്പെട്ടിട്ടില്ല. സോളാർ കേസുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളെ ഏറെ നാൾ കഴിഞ്ഞാണ് നീക്കിയത് പോലുമെന്ന് ഇടതുനേതാക്കൾ ഓർമ്മിപ്പിക്കുന്നു.
വിമാനത്താവളവും കോൺസുലേറ്റുമൊക്കെയായി ബന്ധപ്പെട്ടതാണ് സ്വർണക്കടത്ത് കേസെന്നതിനാൽ പൂർണമായും കേന്ദ്രസർക്കാരിന്റെ അധീനതയിലാണ് കാര്യങ്ങൾ. കേന്ദ്ര ഏജൻസികളുടെ ശ്രദ്ധക്കുറവ് കൂടി ചർച്ചയാകുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുമെന്നതിനാൽ അതുകൂടി കണ്ട് വിഷയത്തെ കൈപ്പിടിയിലാക്കാനാണ് യു.ഡി.എഫ് ശ്രമം. എന്നാൽ, യു.ഡി.എഫിന് അവസരം നൽകാതെ പ്രത്യക്ഷസമരവുമായി കളം പിടിക്കാനാണ് ബി.ജെ.പി നീക്കം. കൊവിഡ് ജാഗ്രതയെ മറികടന്ന് വരും ദിവസങ്ങൾ കേരളം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.
സി.പി.ഐക്ക് നീരസമുണ്ടെങ്കിലും...
ജോസ് കെ.മാണിയെ കൂടെ കൂട്ടുന്നതിനെ ചൊല്ലി കൊമ്പുകോർത്ത സി.പി.ഐക്ക് സ്വർണക്കടത്ത് കൂടി വന്നതോടെ സി.പി.എമ്മിനോട് നീരസം കൂടിയെന്നത് വസ്തുതയാണ്. സ്പ്രിൻക്ലർ വിവാദമുയർന്നപ്പോൾ വ്യക്തികളുടെ സ്വകാര്യ വിവരശേഖരണ വിഷയത്തിലെ ഇടതുനയം ഓർമ്മിപ്പിച്ച് മുഖപ്രസംഗമെഴുതിയ സി.പി.ഐ, ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ പോക്കിൽ സി.പി.എമ്മിനെ നേരിൽ അതൃപ്തിയറിയിച്ചതാണ്. ദുരന്തനിവാരണ അതോറിട്ടിയെ റവന്യുവകുപ്പിന്റെ അധീനതയിൽ നിന്ന് തദ്ദേശഭരണ വകുപ്പിലേക്ക് കൊണ്ടുപോകാൻ ഐ.ടി സെക്രട്ടറിയുടെ നേതൃത്വത്തിലുണ്ടായ നീക്കവും സി.പി.ഐയെ അതൃപ്തരാക്കിയിരുന്നു.
സ്പ്രിൻക്ലർ വിവാദമായതോടെ ശിവശങ്കറിനെ നീക്കുന്നതാണ് ഉചിതമെന്ന സന്ദേശം മുഖ്യമന്ത്രിക്ക് സി.പി.ഐ നേതൃത്വം കൈമാറിയെങ്കിലും ഉദ്യോഗസ്ഥരുടെ മനോനിലയെ ബാധിക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്. സി.പി.ഐയുടെ അതൃപ്തി മാറ്റിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എം.എൻ സ്മാരകത്തിലെത്തി ശിവശങ്കർ കാനംരാജേന്ദ്രനോട് കാര്യങ്ങൾ വിശദീകരിക്കാനൊരുമ്പെട്ടിട്ടും വിജയിച്ചില്ല. ശിവശങ്കറിനെ തുടരാനനുവദിച്ചത് തിരിച്ചടിച്ചില്ലേയെന്നാണ് സി.പി.ഐ ഇപ്പോൾ ചോദിക്കുന്നത്. ഇതൊക്കെയാണെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിലിരിക്കെ, മുന്നണിയെ ബാധിക്കുന്നതൊന്നും സി.പി.ഐയിൽ നിന്നുണ്ടാകില്ല.