തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ഗുരുതരം ഇന്നലെ മാത്രം 60 സമ്പർക്ക രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കൊവിഡ് ബാധ ഇന്നലെ 300 കടന്നു. ഇവരിൽ 90 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗംബാധിച്ചത്.

മൂന്ന് ആരോഗ്യ പ്രവർത്തകരും തൃശൂരിൽ 9 ബി.എസ്.എഫ് ജവാന്മാരും കണ്ണൂരിൽ സി.ഐ.എസ്.എഫ് ജവാനും ഡി.എസ്.സി. ജവാനും ആലപ്പുഴയിൽ മൂന്ന് ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസുകാരും ഇന്നലത്തെ രോഗബാധിതരിൽ പെടുന്നു.

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും തലസ്ഥാനത്തെ രോഗവ്യാപനത്തിൽ ശമനമില്ല. ഇന്നലെ 64 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇവരിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായതെന്നത് ഗൗരവം കൂട്ടുന്നു. കൊവിഡ് വ്യാപനം തുടരുന്ന എറണാകുളത്ത് ഇന്നലെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശത്തു നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കൊല്ലം-1,​ ആലപ്പുഴ-3,​ ഇടുക്കി-1,​ പത്തനംതിട്ട-2, കോട്ടയം-2,​ എറണാകുളം -9,​ മലപ്പുറം-7,​ കോഴിക്കോട്- 5 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സമ്പർക്ക രോഗികൾ.

ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം നെടുവത്തൂർ സ്വദേശിയായ മനോജിന് (24) കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ്

തലസ്ഥാന ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 56 പേരും സിറ്റിക്കടുത്ത് തീരദേശമായ പൂന്തുറയിലാണ്. ഇവിടെ സൂപ്പർ സ്‌പ്രെഡ് പ്രതിഭാസമാണെന്നാണ് മേയർ കെ. ശ്രീകുമാർ പറഞ്ഞത്. ഇവിടെ നിയന്ത്രണം കമാൻഡോകൾ ഏറ്റെടുത്തു. രോഗബാധിതർ 200 പിന്നിട്ടു. നാലുമാസവും ഒരുവയസുമുള്ള രണ്ട് കുഞ്ഞുങ്ങൾക്കും രോഗം ബാധിച്ചു. പൂന്തുറയ്ക്ക് തൊട്ടടുത്ത് കുമരിച്ചന്ത മത്സ്യമാർക്കറ്റ് രോഗത്തിന്റെ ഈറ്റില്ലമായതോടെ തലസ്ഥാനത്ത് സമൂഹവ്യാപന ഭീതി കൂടുതൽ രൂക്ഷമായി.