തിരുവനന്തപുരം: തലസ്ഥാനത്തെ തിരക്കേറിയ ജനവാസകേന്ദ്രമായ പൂന്തുറയിൽ കൊവിഡ് പൊട്ടിത്തെറി. രോഗം സ്ഥിരമായി റിപ്പോർട്ടു ചെയ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിൽ 119 പേർക്കു കൂടി രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇന്നലെ സ്ഥിരീകരിച്ച 54 പേരുൾപ്പെടെയാണിത്. എന്നാൽ രോഗ ബാധിതർ 200 പിന്നിട്ടതായാണ് അനൗദ്യോഗിക വിവരം.
അഞ്ച് ദിവസങ്ങളിലായി 600 പേരിൽ നടത്തിയ ആന്റിജൻ, പി.സി.ആർ പരിശോധനയിലാണ് 119 പേർക്ക് സ്ഥിരീകരിച്ചത്. വീടുകൾ തൊട്ടു തൊട്ടിരിക്കുന്ന പ്രദേശമായ പൂന്തുറ രോഗവ്യാപനത്തിന്റെ 'സൂപ്പർ സ്പ്രെഡി'ലേക്ക് എത്തിയെന്നാണ് അധികൃതർ പറയുന്നത്. രണ്ട് പിഞ്ചു കുഞ്ഞുങ്ങളും കുട്ടികളും ചെറുപ്പക്കാരും ഉൾപ്പെടെ രോഗം വന്നതിലേറെയും മത്സ്യത്തൊഴിലാളികളും കുടുബാംഗങ്ങളുമാണ്.
ഇപ്പോൾ രോഗം വന്നവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതേയുള്ളൂ. ആ പട്ടികയിലുള്ളവരുടെ പരിശോധനാഫലം കൂടി വരുമ്പോൾ തലസ്ഥാനം മുഴുവൻ ഗുരുതരമായ സാമൂഹ്യ വ്യാപനത്തിലേക്ക് വീഴാം. ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ തലസ്ഥാനത്ത് കൂടിവരികയാണ്.
@സുരക്ഷ അതിശക്തം
ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പൂന്തുറയിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു. നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണാണെങ്കിലും പൂന്തുറ പ്രത്യേകമായി പൂട്ടും. പുറത്തു നിന്ന് ആരും അകത്തേക്കും അകത്ത് നിന്നുള്ളവർ പുറത്തേക്കും പോകാതിരിക്കാൻ കമാൻഡോകളെ ഉൾപ്പെടെ പൊലീസ് സേനയെ വിന്യസിച്ചു. തീരത്ത് കാവലായി കോസ്റ്റൽ പൊലീസും കടലിൽ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും എത്തി.
ആളുകൾ വീടിനു പുറത്തിറങ്ങിയാൽ ആദ്യം കേസും പിന്നീട് അറസ്റ്റും ഉണ്ടാകും. പ്രദേശം പ്രത്യേക സോഴ്സായി കണ്ട് റാപ്പിഡ് ടെസ്റ്റുകൾ നടത്തും.
@കുമരിച്ചന്തയിൽ ഗുരുതരം
തമിഴ്നാട്ടിൽ നിന്നും മറ്റ് തീരങ്ങളിൽ നിന്നും മത്സ്യലോറികൾ എത്തുന്ന കുമരിച്ചന്ത അടുത്താണ്. കുമരിച്ചന്ത മത്സ്യ മാർക്കറ്റിൽ നിന്നാണ് രോഗ ബാധയുണ്ടാകുന്നത്. ഇവിടത്തെ ഒരു മൊത്തവ്യാപാരി മത്സ്യം വാങ്ങാൻ കന്യാകുമാരിയിൽ പോയി വന്നപ്പോഴാണ് രോഗബാധ കണ്ടെത്തുന്നത്. നല്ലൊരു ശതമാനം പേർക്ക് ഇയാളിൽ നിന്നും ബാക്കി അല്ലാതെയും രോഗം ബാധിച്ചതാകാമെന്നാണ് നിഗമനം.
തലസ്ഥാനമാകെ സമൂഹവ്യാപന സാദ്ധ്യത
പുന്തുറയിലെ മത്സ്യ മൊത്ത കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന മത്സ്യം കച്ചവടക്കാരായ സ്ത്രീകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മത്സ്യകച്ചവടക്കാരായ മൂന്ന് സ്ത്രീകളും ഉണ്ട്.
വിഴിഞ്ഞം, വലിയതുറ, പെരുമാതുറ, കൊല്ലം, അഴീക്കൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നെല്ലാം കുമരിച്ചന്തയിൽ മത്സ്യം എത്തുന്നുണ്ട്.
എന്താണ് സൂപ്പർ സ്പ്രെഡ്?
തിരുവനന്തപുരം: കൊവിഡ് രോഗ ബാധയുണ്ടായ ഒരാളിൽ നിന്ന് ഏറെ പേരിലെക്ക് പെട്ടെന്ന് രോഗം പകരുന്ന അവസ്ഥയാണ് സൂപ്പർ സ്പ്രെഡ്. ഒരാളിൽ നിന്ന് രണ്ടു പേർക്ക് രോഗം ഉണ്ടാകുന്നത് രോഗവ്യാപനവും അതിൽ കൂടുതലുണ്ടാകുന്നത് സൂപ്പർ സ്പ്രെഡുമാണ്. ഇതെല്ലാം സമ്പർക്കത്തിലൂടെ ഉണ്ടാകുന്നതാണ്. ഉറവിടം അറിയാത്ത രോഗികൾ വർദ്ധിക്കുന്നതിനെയാണ് സമൂഹവ്യാപനം എന്നു പറയുന്നത്. ഡൽഹിയിലെ നിസാമുദ്ദീനിലുണ്ടായത് സൂപ്പർ സ്പ്രെഡായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.