kodunganoor-health-issue

പേരൂർക്കട: കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്രചെയ്ത കൊല്ലം പരവൂർ നഗരസഭയുടെ വാഹനം കോർപ്പറേഷൻ കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. ബുധനാഴ്ച വൈകിട്ട് 6ന് കൊടുങ്ങാനൂർ കടയിൽമുടുമ്പ് റോഡിലായിരുന്നു സംഭവം. പരവൂർ നഗരസഭയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെ കൂട്ടിക്കൊണ്ടുപോകാനാണ് വാഹനം എത്തിയത്. ഡ്രൈവറെക്കൂടാതെ ഒരു എച്ച്.ഐയും മൂന്ന് വനിതാ ജീവനക്കാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത്തരത്തിൽ വാഹനം കുറച്ചുനാളായി വന്നുപോകുന്നുവെന്ന് ആരോപിച്ചാണ് വാർഡ് കൗൺസിലർ ഹരികുമാറിന്റെ നേതൃത്വത്തിൽ ഇവരെ തടഞ്ഞത്. വാഹനത്തിൽ എ.സി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. കൗൺസിലർ ഇടപെട്ട് വിവരം വട്ടിയൂർക്കാവ് പൊലീസിലും പരവൂർ നഗരസഭാ സെക്രട്ടറിയെയും അറിയിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് വാഹനത്തെ പോകാൻ അനുവദിച്ചത്. ജീവനക്കാരിയോട് ജോലി ചെയ്യുന്ന സ്ഥലത്തിനടുത്ത് താമസിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി.