തിരുവനന്തപുരം: സ്വർണക്കടത്തിന്റെ അന്വേഷണം മുന്നോട്ടുപോകുമ്പോൾ സംസ്ഥാന മന്ത്രിസഭ തന്നെ രാജിവയ്ക്കേണ്ടിവരുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. സ്വർണക്കടത്തിലെ മുഖ്യകണ്ണിയെന്ന് അന്വേഷണസംഘം കരുതുന്ന നെടുമങ്ങാട് സ്വദേശി സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണെന്ന് പറയുന്ന സംസ്ഥാന മന്ത്രിമാരുടെയും സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും അവസ്ഥ പരിതാപകരമാണ്. സന്ദീപ് നായർ സി.പി.എമ്മാണെന്ന് അയാളുടെ അമ്മ തന്നെ പറഞ്ഞിരിക്കുകയാണ്. കുമ്മനം രാജശേഖരനെതിരെയും ബി.ജെ.പി കൗൺസിലർ എസ്‌.കെ.പി രമേശിനെതിരെയും സി.പി.എം നടത്തുന്നത് കുപ്രചരണമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശയും ഇതിനുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സർക്കാർ സഹകരിക്കുകയാണ് വേണ്ടതെന്നും വി.വി. രാജേഷ് പറഞ്ഞു.