തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം നിരോധിച്ചതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഈ മേഖലയിൽ നിന്നു തമിഴ്നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കർശന രീതിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാനും നിർദ്ദേശം നൽകി. ഇവിടെ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇൻ ചാർജ് എൽ.സോളമന്റെ നേതൃത്വത്തിൽ 25 കമാന്റോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ വി. ഗോപിനാഥ്, അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പൊലീസ് നടപടികൾക്ക് നേതൃത്വം നൽകും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണിൽ സംസാരിച്ചു.