പാറശാല:പാറശാലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ നാല് ആശുപത്രികളിലായി 59 ആരോഗ്യ പ്രവർത്തകരെ കഴിഞ്ഞ രണ്ട് നാല് ദിവസങ്ങൾക്കുള്ളിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. പാറശാല ഗവ.ആശുപത്രിയിലെ 3 ഡോക്ടർമാർ ഉൾപ്പെടെ 18 പേരും നാല് സ്വകാര്യ ആശുപത്രികളിലെ ആറ് ഡോക്ടർമാർ ഉൾപ്പെടെ 41 പേരുമാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. അതിർത്തിയിൽ തമിഴ്‌നാട് ഭാഗത്ത് നിന്നു പാറശാലയിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയ ഒരു രോഗി കൊവിഡ് രോഗം ബാധിച്ച് മരിക്കുകയും, പാറശാല ഗവ.ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യൻ ഉൾപ്പെടെ മറ്റ് പലർക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. കണ്ടെയ്ൻമെന്റ് സോണായി മാറിയിട്ടുള്ള പാറശാല പഞ്ചായത്തിലെ നാല് വാർഡുകളിൽ നെടുവൻവിള വാർഡിൽ നിന്നും രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് ഇടപഴകിയ ബന്ധുക്കൾ ഉൾപ്പെടെയുള്ള 103 പേരെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.