തിരുവനന്തപുരം:പൂന്തുറയിൽ സാമൂഹിക വ്യാപനം രൂക്ഷമായ സഹചര്യത്തിൽ നിലവിൽ അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങൾക്കു പുറമേ 16 വഴികൾ കൂടി ഇന്നലെ പൊലീസ് അടച്ചു. കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പൂന്തുറയിലെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. പെരുനെല്ലി, തരംഗിണി നഗർ, മൂന്നാറ്റും മുക്ക് റോഡ്, മസാലത്തെരുവ് റോഡ്, ഇടയാർ, എസ്.എം. ലോക്ക്, പരുത്തികുഴി, ബീമാപള്ളി ഈസ്റ്റ്, ബദരിയാ നഗർ റോഡ്, തിരുവല്ലം ഫുട്ട് ബ്രിഡ്ജിനു സമീപം റോഡ്, ബൈപാസ് സർവീസ് റോഡിലേക്കുള്ള 6 ബൈറോഡുകൾ എന്നീ റോഡുകളാണ് ഇന്നലെ അടച്ചത്. കൂടാതെ ബീമാപള്ളി ഭാഗത്ത് ബീമാപള്ളി പൂന്തുറ റോഡ്, ചെറിയതുറ, പള്ളിത്തെരുവ്,കുരിശടി ജംഗ്ഷൻ എന്നീ റോഡുകളും അടച്ചു ഇവിടേക്ക് പ്രവേശിക്കാനോ പുറത്തു പോകാനോ ആരെയും അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്ക് പുറത്തു പോകുന്നതിന്, പൂന്തറ ഭാഗത്ത് നിന്നും കുമരിച്ചന്ത വഴിയും ബീമാപള്ളിയിൽ നിന്നും വലിയതുറ വഴിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുത്ത് ഇവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ആക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ഇന്നലെ കേസെടുത്തത് 251 പേർക്കെതിരെ
പിടിച്ചെടുത്തത് 83 വാഹനങ്ങൾ