തിരുവനന്തപുരം: പൂന്തുറ മേഖലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയസാമുദായിക നേതാക്കളുമായി ഓൺലൈനിലൂടെ മന്ത്രി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. നാളെ പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവർത്തനം. വീടുകളിൽ അവരവർ തന്നെ ശുചീകരണ പ്രവർത്തനം നടത്തണം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വി.എസ് ശിവകുമാർ എം.എൽ.എ, കൗൺസിലർമാരായ പ്രിയ ബിജു, ബീമാപള്ളി റഷീദ്, രാഷ്ട്രീയ സാമുദായിക മേഖലയിലുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.