തിരുവനന്തപുരം: സ്വർണക്കടത്ത് പുറത്തായതോടെ ഒളിവിൽ പോയി ഉന്നതരുടെ തണലിൽ കഴിയുന്ന സ്വപ്‌നാ സുരേഷിനെ അഞ്ചു ദിവസമായിട്ടും പിടികൂടാൻ കസ്റ്റംസിന് കഴിഞ്ഞില്ല. സ്വപ്ന തിരുവനന്തപുരത്തു തന്നെയുണ്ടെന്ന് കസ്റ്റംസ് ആവർത്തിക്കുമ്പോഴും അവരുടെ ഫോൺ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയിൽ ഓൺ ആയത് കസ്റ്റംസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോൺ ഓണായത്. അന്വേഷകരെ വഴിതെറ്റിക്കാൻ ഫോൺ ആരെങ്കിലും ചെന്നൈയിലേക്ക് കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്.
സ്വപ്നയുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കോടതി നിർദ്ദേശപ്രകാരം കസ്റ്റംസിനു മുന്നിൽ ഇവർ കീഴടങ്ങുമെന്നും സൂചനയുണ്ട്.
സ്വപ്‌നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ച് അവരുമായി ബന്ധമുള്ള ഉന്നതരെ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് സ്വർണം പിടിക്കുന്നതിന് മുൻപും ശേഷവുമായി രണ്ടു ഡസൻ ഉന്നതരെ സ്വപ്‌ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസിൽ സ്വപ്‌ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലൻസിൽ അതിർത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. കോൺസുലേറ്റുമായും ടൂറിസവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ വ്യവസായിയും സംശയമുനയിലാണ്. തലസ്ഥാനത്തെ ഹോട്ടലുകളിലടക്കം കസ്റ്റംസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സന്ദീപും ഒപ്പം ?
സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായരും ഇവർക്കൊപ്പം ഒളിവിലുണ്ടെന്നും സൂചനയുണ്ട്. സ്വർണം പിടികൂടിയതിനു ശേഷം സന്ദീപ് ഒളിവിൽ പോയെന്നാണ് ഭാര്യയുടെ മൊഴി. സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് സ്വപ്നയുടെ ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ് പരിശോധിച്ചപ്പോൾ നിരവധി ഉന്നതരുമായുള്ള ബന്ധം കണ്ടെത്താനായെന്നാണ് വിവരം. രക്ഷപെടുന്നതിന് തൊട്ടുമുൻപ് സ്വപ്‌നയുടെ ഫോണിലേക്കെത്തിയ വിളികൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വർണമടങ്ങിയ ബാഗ് തുറന്നയുടൻ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത് മൊബൈൽഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം നശിപ്പിച്ചിരുന്നു. വിവരങ്ങൾ വീണ്ടെടുക്കാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്: ഫലപ്രദമായ അന്വേഷണം വേണം
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേ ആക്രമണം കനപ്പിക്കുമ്പോഴാണ് അവരുടെ വായടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രപരമായ നീക്കം. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചുള്ള ഫലപ്രദമായ അന്വേഷണം വേണമെന്ന് കത്തിൽ പറയുന്നു.
നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് സംഭവം. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും പിന്തുണയും സംസ്ഥാനസർക്കാർ നൽകും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനയച്ച കത്തിലും മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.