തിരുവനന്തപുരം : സമ്പർക്കം വഴി രോഗം വ്യാപകമാകുന്ന സൂപ്പർസ്‌പ്രെഡ് പ്രതിഭാസം സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറയിലേതടക്കം ഇന്നലെ ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 64, നാലുമാസം പ്രായമുള്ള കുഞ്ഞ്, രണ്ടു വയസുകാരി എന്നിവരടക്കം ഇന്നലെ പൂന്തുറയിൽ മാത്രം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 55 ആയി. പേട്ട സ്റ്റേഷനിലെ പൊലീസുകാരനായ നെടുമങ്ങാട് സ്വദേശിക്കടക്കം രോഗം സ്ഥിരീകരിച്ചെങ്കിലും അത് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ജില്ലയിൽ ഇന്നലെ ആകെ റിപ്പോർട്ട് ചെയ്ത രോഗികളിൽ രണ്ടുപേർ ആര്യനാട്ട് ഉള്ളവരും മൂന്നുപേർ തലസ്ഥാനത്തുള്ളവരുമാണ്. നാലുപേർ മാത്രമാണ് വിദേശത്തു നിന്നു എത്തിയവർ. സമ്പർക്കം വഴി ജില്ലയിലെ പൂന്തുറ, ആര്യനാട് മേഖലകളിൽ രോഗം വ്യാപകമാകുന്നത് ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നയാൾ,പൂന്തുറ ആയുഷ് ഹോസ്പിറ്റലിൽ വോളന്റിയർ, ആയുഷ് ആശുപത്രിയിൽ ഫാർമസിസ്റ്റ്, ആട്ടോ ഡ്രൈവർമാരായ അഞ്ചുപേർ, പൂന്തുറ, ചെറിയമുട്ടം സ്വദേശികളായ ആറുപേർ, മത്സ്യത്തൊഴിലാളികളായ രണ്ടുപേർ, പൂന്തുറ ചെറിയമുട്ടം സ്വദേശികളായ രണ്ടുപേർ, മാണിക്യവിളാകം സ്വദേശികളായ രണ്ടുപേർ എന്നിവടരടക്കം പൂന്തുറയിലെ ആകെ രോഗികളുടെ എണ്ണം 55 ആണ്. എൽ.പി സ്‌കൂളിലെ ഹെഡ്മാസ്റ്ററടക്കം രണ്ടു ആര്യനാട് സ്വദേശികൾക്കും രോഗബാധയുണ്ടായിട്ടുണ്ട്. ബീമാപള്ളി സ്വദേശി, കിടവിളാകം സ്വദേശിനി, മണക്കാട് സ്വദേശിനി,മുട്ടത്തറ സ്വദേശി എന്നിവർക്കും ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഖത്തറിൽ നിന്നെത്തിയ വട്ടപ്പാറ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ രണ്ടു കന്യാകുമാരി സ്വദേശികൾ, കുവൈറ്റിൽ നിന്നെത്തിയ തെങ്കാശി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.
ആകെ നിരീക്ഷണത്തിലുള്ളവർ -21,201
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -18,762
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 335
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ 2104
539 പരിശോധന ഫലങ്ങൾ ലഭിച്ചു