തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്നതിനിടെ പേട്ട സ്റ്റേഷനിലെ നെടുമങ്ങാട് സ്വദേശിയായ 40 കാരനായ കോൺസ്റ്റബിളിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞയാഴ്ച സ്റ്റേഷൻ പരിധിയിലെ കടകംപള്ളി കൊവിഡ് കണ്ടെയ്മെന്റ് സോൺ ആക്കിയിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിൽ നിന്നുള്ള പൊലീസുകാരന് കൊവിഡ് ബാധയുണ്ടായി. ഇദ്ദേഹം ഉപയോഗിച്ചിരുന്ന ബാരക്കിൽ വിശ്രമിച്ച 17 പൊലീസുകാരെ ക്വാറന്റൈനിൽ വിടണമെന്ന് നിർദ്ദേശമുണ്ടായെങ്കിലും പൊലീസ് മേധാവികൾ വഴങ്ങിയില്ല. പിന്നീട് പത്രവാർത്തകൾ വന്നതോടെയാണ് മൂന്നു ദിവസം മുമ്പ് ഇവരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിറുത്തിയത്. അതിലൊരാൾക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് തലസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷൻ കൊവിഡ് ഭീതിയിലാകുന്നത്. സ്റ്റേഷൻ അടച്ചിടണോ, അണുവിമുക്തമാക്കി മറ്റിടങ്ങളിൽ നിന്നുള്ള പൊലീസുകാരെ നിയോഗിച്ച് പ്രവർത്തനം തുടരണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഇതിനിടെ പൂന്തുറ,​ വലിയതുറ എന്നിവിടങ്ങളിൽ താമസിക്കുന്ന സിറ്റിയിലെ മറ്റ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന പൊലീസുകാരെ പൂന്തുറ,​ വലിയതുറ സ്റ്റേഷനുകളിലേക്ക് താത്കാലികമായി മാറ്റാൻ സാദ്ധ്യതയുണ്ടെന്ന് സൂചനയുണ്ട്.