തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെ യു.എ.ഇ കോൺസുലേറ്റിൽ നിന്ന് ഒഴിവാക്കിയെങ്കിലും മികച്ച ഉദ്യോഗസ്ഥയെന്ന് സർട്ടിഫിക്കറ്റ് നൽകി. കോൺസുലേറ്റിന്റെ ഈ സർട്ടിഫിക്കറ്റാണ് സ്‌പേസ് പാർക്കിൽ ഉൾപ്പെടെ ജോലിക്കായി ബയോഡാറ്റയിൽ അവർ ഉൾപ്പെടുത്തിയിരുന്നത്. കേരളത്തിന് പുറത്തുള്ള ഒരു സർവകലാശാലയിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റും അപേക്ഷകൾക്ക് ഉപയോഗിച്ചിരുന്നു.
ക്രമക്കേടുകളുടെ പേരിൽ സ്വപ്നയെ പുറത്താക്കിയെന്നാണ് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള അനൗദ്യോഗിക വിവരം. എന്നാൽ 2016 ഒക്ടോബർ ഏഴു മുതൽ 2019 ആഗസ്റ്റ് 31 വരെ യു.എ.ഇ കോൺസൽ ജനറൽ ഓഫീസിലെ സെക്രട്ടറിയായിരുന്നുവെന്നും ഈ കാലയളവിൽ സ്വപ്നയുടെ സേവനം മികച്ചതായിരുന്നുവെന്നും സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇത് പരിഗണിച്ചായിരുന്നു സ്പേസ് പാർക്കിലെ നിയമനം. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സാങ്കേതിക സർവകലാശാലയിൽ നിന്ന് ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റും ജോലിക്കായുള്ള അപേക്ഷയോടൊപ്പം വച്ചിരുന്നു. അതേസമയം, സ്വപ്നയുടെ പത്താംക്ലാസ് യോഗ്യതയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കയിലുള്ള സഹോദരൻ ബ്രൈറ്റ് സുരേഷ് രംഗത്ത് വന്നിട്ടുണ്ട്.