തിരുവനന്തപുരം: സമൂഹവ്യാപനം ഒഴിവാക്കാൻ പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ്ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൂന്തുറയിൽ കർശനമായി ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും. ഇവിടെ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എസ്.എ.പി കമാൻഡന്റ് ഇൻചാർജ് എൽ. സോളമന്റെ നേതൃത്വത്തിൽ 25 കമാൻഡോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ വി. ഗോപിനാഥ്, അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യ ദോംഗ്രെ എന്നിവരാണ് പൂന്തുറയിലെ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും. പൂന്തുറ മേഖലയിൽ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവത്കരണം നടത്തുന്നതിന് സാമുദായിക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായവും തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് ഉറപ്പാക്കും. ഇതേക്കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തമിഴ്നാട് ഡി.ജി.പി ജെ.കെ. ത്രിപാഠിയുമായി ഫോണിൽ സംസാരിച്ചു.