card

കാസർകോട്: തപാലിൽ സ്‌ക്രാച്ച് കാർഡ് അയച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. തട്ടിപ്പിൽ കുടുങ്ങാതെ രക്ഷപ്പെട്ട അണങ്കൂരിലെ വീട്ടമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടമ്മ ഓൺലൈൻ മുഖേന പ്രമുഖ സ്ഥാപനത്തിൽ നിന്നു ഗൃഹോപകരണങ്ങൾ വാങ്ങിയിരുന്നു. ഈ സ്ഥാപനത്തിന്റെ പേരിലുള്ള സ്‌ക്രാച്ച് കാർഡ് ലഭിച്ച് ചുരണ്ടിയപ്പോൾ 9,50,000 രൂപ ആണ് സമ്മാനമായി കണ്ടത്. അഭിഷേക് കുമാർ, ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, നളിനി രഞ്ജൻ അവന്യു, ബസന്റല്ല സാഹ റോഡ്, ന്യൂ ആലിപുർ, കൊൽക്കത്ത എന്ന വിലാസം ആണ് കാർഡിലുണ്ടായിരുന്നത്.

ഇതിൽ നൽകിയ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചപ്പോൾ ബാങ്ക് അക്കൗണ്ട്, ലിങ്ക് ചെയ്ത ആധാർ കാർഡ്, പാൻ കാർഡ് എന്നിവ അയച്ചു കൊടുക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. സമ്മാനം അയച്ചു കിട്ടുന്നതിനുള്ള ചെലവ് മുൻകൂർ ആയി അടയ്ക്കണമെന്ന സൂചനയാണ് കത്തിൽ ഉണ്ടിയിരുന്നത്.

വിളിച്ചപ്പോൾ കത്തിൽ പേരുള്ള അഭിഷേക് കുമാർ എന്നാണ് പരിചയപ്പെടുത്തിയത്. വിളിച്ചത് മലയാളിയാണ് എന്നറിഞ്ഞപ്പോൾ കോട്ടയം സ്വദേശി എന്നു പരിചയപ്പെടുത്തിയ ഫിലിപ്പ്, സന്തോഷ്‌കുമാർ എന്നിവർക്കു മൊബൈൽ ഫോൺ കൈമാറി. വ്യക്തി വിവരങ്ങൾ ലഭിച്ചാൽ പിന്നീട് തുടർ നടപടികൾ അറിയിക്കും എന്നായിരുന്നു മറുപടി. എന്നാൽ സ്ഥിരം സാധനങ്ങൾ വാങ്ങുന്ന ഓൺലൈൻ സ്ഥാപനത്തിന്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വമ്പൻ സമ്മാനങ്ങൾ പ്രഖ്യാപിച്ച സ്‌ക്രാച്ച് കാർഡ് വ്യാജമാണെന്നാണ് മറുപടി ലഭിച്ചതെന്ന് വീട്ടമ്മ പറയുന്നു.