july09a

ആ​റ്റിങ്ങൽ: മാമം നാളീകേര കോംപ്ലക്‌സിന്റെ പ്രവർത്തനം വീണ്ടും നിലച്ചു. വെന്ത വെളിച്ചെണ്ണ (വിർജിൻ കോക്കനട്ട് ഓയിൽ) ഉല്പാദന യൂണി​റ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രവർത്തനം നിറുത്തിയ ഈ ഉല്പാദന യൂണി​റ്റ് പിന്നീട് തുറക്കാൻ നടപടിയുണ്ടായിട്ടില്ല. നഗരസഭയുടെ നികുതി കുടിശ്ശിക ഒടുക്കാൻ കഴിയാത്തതുൾപ്പെടെയുള്ള വിഷയങ്ങൾ കോംപ്ലക്‌സിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മാമത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വെളിച്ചെണ്ണ സംസ്‌കരണ കേന്ദ്രം കടലാസിൽ ഒതുങ്ങി.

നഗരസഭയുടെ നികുതി കുടിശ്ശികയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാതെയായിരുന്നു വെന്ത വെളിച്ചെണ്ണയുടെ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം. യൂണി​റ്റാരംഭിച്ചെങ്കിലും പ്രവർത്തനം നടന്നില്ല. 2019 മാർച്ച് നാലിന് വെന്ത വെളിച്ചെണ്ണയുടെ ഉല്പാദന യൂണി​റ്റ് വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും ഇപ്പോൾ നിലച്ചിരിക്കുകയാണ്.

മാമത്ത് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന വെളിച്ചെണ്ണ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങണമെങ്കിൽ 4.5 കോടിയിലധികം രൂപ വേണം. യന്ത്റസാമഗ്രികൾക്കു മാത്രമായി 2.5 കോടിയോളം രൂപ ചെലവുണ്ട്. രണ്ട് കോടി രൂപ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അടുത്തിടെ ഒരു കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിക്കാവശ്യമായ തുക പൂർണമായി ലഭിക്കാതെ പ്രവർത്തനങ്ങൾ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. സമയത്ത് പണം ലഭിക്കാതെ വന്നാൽ പദ്ധതി പാതി വഴിയിലാകും. അതിനോട് കോർപറേഷനും സർക്കാരിനും താത്പര്യമില്ലെന്നാണ് സൂചന. ബാക്കി തുക കൂടി ലഭ്യമായാൽ ഉടൻ സംസ്‌കരണ യൂണി​റ്റ് ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.