മലയിൻകീഴ് : തീവെട്ടിക്കൊള്ളയുടെയും അഴിമതിയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ പൗരത്വമുള്ള സ്ത്രീക്ക് ഐ.ടി സ്റ്റാർട്ട് അപ്പ് മിഷനിൽ സീനിയർ ഫെലോയായി ജോലി ലഭിച്ചത് മുഖ്യമന്ത്രിക്കറിയില്ലെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി അർഹനല്ലെന്നും, രാജിവച്ച് ജനവിധി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ഐ.ടി വകുപ്പിലെ അനധികൃത നിയമനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ഐ.ടി സെക്രട്ടറിയാണ് നടത്തിയിട്ടുള്ളത്. അഗ്നിപർവതത്തിന് മുകളിൽ തിരുവനന്തപുരമല്ല, മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ പേടിയില്ലെങ്കിൽ സർവീസ് റൂൾസ് ലംഘിച്ച ശിവശങ്കറിനെ അറസ്റ്റുചെയ്ത് നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കാട്ടാക്കട നിയോജക മണ്ഡലം ചെയർമാൻ പേയാട് ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മലയിൻകീഴ് വേണുഗോപാൽ, അഡ്വ. എം. മണികണ്ഠൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വണ്ടനൂർ സന്തോഷ്, എ. ബാബുകുമാർ, എൻ.എ. കരീം. വിളപ്പിൽ ശശിധരൻനായർ, കാട്ടാക്കട വിജയൻ, രാമുകാട്ടാക്കട, പേയാട് ജ്യോതികുമാർ, ബി.എൻ. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.