cbse-exam

പുതിയ അദ്ധ്യയന വർഷം എന്നു തുടങ്ങാനാവുമെന്ന് ഇപ്പോഴും നിശ്ചയമില്ലാതെയിരിക്കവെയാണ് സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള കേന്ദ്ര സ്കൂൾ ബോർഡുകൾ ഒൻപതു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുക

ളിലെ സിലബസ് ഭാരം കുറയ്ക്കാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നത്. ശാസ്ത്രേതര വിഷയങ്ങളിൽ മുപ്പതു ശതമാനമാണ് സി.ബി.എസ്.ഇ വരുത്തിയ വെട്ടിക്കുറവ്. ഐ.സി.എസ്.ഇ ഒൻപത്, പത്ത് ക്ളാസുകളിലും ഐ.എസ്.സി, പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളിലുമാണ് സിലബസ് ലഘൂകരണം നടപ്പാക്കുന്നത്. പരിഷ്കരിച്ച സിലബസ് അതാതു ബോർഡിന്റെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിടാതെ പിന്തുടരുന്ന പശ്ചാത്തലത്തിലാണ് സിലബസ് പരിഷ്കരണം അനിവാര്യമായി വന്നത്. മഹാമാരി സ്കൂളുകളെ ഒന്നടങ്കം നിശ്ചലമാക്കുന്നതിനു മുൻപു തന്നെ സ്കൂൾ സിലബസ് ഭാരത്തെക്കുറിച്ച് വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സിലബസ് ലഘൂകരണത്തെക്കുറിച്ച് ഗൗരവപൂർവമായ ആലോചനകൾ നടക്കുന്നതിനിടയിലാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്.

ശാസ്ത്ര വിഷയങ്ങളെ മാറ്റിനിറുത്തിയുള്ളതാണ് ഇപ്പോഴത്തെ സിലബസ് ലഘൂകരണം. പ്രധാനമായും മാനവിക വിഷയങ്ങളിലാകും വെട്ടിച്ചുരുക്കൽ. അതാകട്ടെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിക്കഴിഞ്ഞു. വെട്ടിക്കുറച്ച പാഠഭാഗങ്ങളിൽ കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് വിമർശകരുടെ വാദം. മതേതരത്വം, ദേശീയത, ഫെഡറൽ ഘടന, പൗരത്വം, അയൽബന്ധങ്ങൾ തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. അതുപോലെ വിവാദ വിഷയമായ നോട്ട് നിരോധനം, ജി.എസ്.ടി പരിഷ്കാരം എന്നിവയും ക്സാസ് പഠനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ കണ്ണാടിയിലൂടെ നോക്കുമ്പോൾ ഇതിൽ ദുരുദ്ദേശ്യം കാണാനാവുമെങ്കിലും വിശാലാടിസ്ഥാനത്തിൽ അത്തരത്തിൽ ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. പാഠഭാഗത്തിൽ നിന്ന് ഒഴിവാക്കിയ ഈ വിഷയങ്ങളെക്കുറിച്ച് മതിയായ അറിവും ധാരണയും പുലർത്തുന്നവരാണ് ഈ തലമുറയിലെ കുട്ടികളിലധികവും. ക്സാസ് പാഠ്യക്രമത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും അദ്ധ്യാപകർ സമയം കിട്ടുന്നതിനനുസരിച്ച് ഈ ഭാഗങ്ങൾ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. സിലബസിലെ അടിസ്ഥാന കാര്യങ്ങൾ പരമാവധി നിലനിറുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വെട്ടിക്കുറവ് കൂടുതലും വരുത്തിയിട്ടുള്ളതെന്നു കാണാം. ക്സാസ് പഠനത്തിലൂടെ അല്ലാതെയും ഇതൊക്കെ ഗ്രഹിക്കാൻ മാർഗമുള്ളതിനാൽ സിലബസ് പരിഷ്കരണത്തിൽ അത്രയേറെ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. ഉപരിപഠനത്തിന് ശാസ്ത്രവിഷയങ്ങൾ തിരഞ്ഞെടുക്കുന്ന കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലല്ല സിലബസ് പരിഷ്കരണമെന്നതും ശ്രദ്ധേയമാണ്. ശാസ്ത്രപാഠങ്ങളിൽ കത്തിവയ്ക്കാത്തത് അതിനുദാഹരണമാണ്. മൊത്തം നോക്കിയാൽ സിലബസ് ഭാരം ഇനിയും കുറയ്ക്കാൻ കഴിയും. അടിസ്ഥാന ഘടന ദുർബലപ്പെടുത്താതെ തന്നെ.

അദ്ധ്യയന വർഷം ഒഴിവാക്കുന്ന പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ സ്കൂൾ തല പരീക്ഷയിലോ വാർഷിക ബോർഡ് പരീക്ഷയിലോ ഉണ്ടാവില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിനാൽ അതേച്ചൊല്ലി കുട്ടികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ല. ഇപ്പോഴത്തെ സൂചനകളനുസരിച്ച് സ്കൂളുകൾ തുറക്കുന്നത് സെപ്തംബർ അവസാനം വരെ നീണ്ടുപോയേക്കാം. സ്ഥിതിഗതികൾ കൂടുതൽ മോശമായാൽ വീണ്ടും നീണ്ടുപോകാനും സാദ്ധ്യത ഉണ്ട്. യാഥാർത്ഥ്യം ഇതായിരിക്കെ സിലബസ് വെട്ടിച്ചുരുക്കിയതിനെച്ചൊല്ലി വലിയ ഒച്ചപ്പാടുണ്ടാക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ല. മാത്രമല്ല വിദ്യാഭ്യാസത്തിന്റെ പേരിൽ കുട്ടികളെക്കൊണ്ട് അമിത ഭാരം ചുമപ്പിക്കുകയാണെന്ന ആക്ഷേപം ഏറെ ശക്തമായി നിലനിൽക്കുന്നുമുണ്ട്. കാലത്തിനും ആവശ്യത്തിനും അനുയോജ്യമായ വിധത്തിൽ രാജ്യത്ത് വിദ്യാഭ്യാസ സമ്പ്രദായം ഇനിയും രൂപപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.

രാഷ്ട്രീയ തലത്തിൽ ഇപ്പോഴും വിവാദമായി നിൽക്കുന്ന നോട്ട് നിരോധനം, ജി.എസ്.ടി പരിഷ്കാരം, പൗരത്വനിയമം തുടങ്ങിയവ പാഠ്യഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയതാണ് വിമർശകരെ ഏറെ ചൊടിപ്പിക്കുന്നത്. പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പുസ്തകങ്ങളിലാണ് ഈ പാഠഭാഗങ്ങൾ ഉണ്ടായിരുന്നത്. ഇതിനകം രാജ്യത്ത് നിരന്തരമായ ചർച്ചകൾക്കു വിഷയമായ കാര്യങ്ങളാണിവ. പൊതുവിജ്ഞാന കുതുകികളായ കുട്ടികളെ സംബന്ധിച്ചിടത്തോളം പാഠപുസ്തകം മാത്രമല്ല വിവര സമ്പാദനത്തിനുള്ള ഉപാധിയെന്ന് ഓർക്കണം.

കേരളം ജൂൺ ഒന്നിനു തന്നെ ഓൺലൈൻ സമ്പ്രദായത്തിലൂടെ പുതിയ അദ്ധ്യയന വർഷം തുടങ്ങിയതുകൊണ്ടാവാം സിലബസ് ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചനയൊന്നുമില്ലാത്തത്. ക്സാസ് പഠനം ഇനിയും അകലെയായതിനാൽ ആവശ്യമില്ലാത്ത പാഠഭാഗങ്ങൾ ഒഴിവാക്കി അമിതഭാരത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ നടപടി എടുക്കാവുന്നതാണ്. പത്തും പന്ത്രണ്ടും ക്ളാസുകളിൽ വിജയ ശതമാനം നൂറിൽ തൊട്ടുനിൽക്കുന്നത് വിദ്യാഭ്യാസ നിലവാരത്തിന്റെ മികവായി കരുതാനാവില്ല. തെറ്റുകൂടാതെ നാലു വാചകങ്ങൾ എഴുതാനോ പഠിച്ചുവെന്നു കരുതുന്ന പാഠ്യഭാഗങ്ങൾ ഓർത്തെടുക്കാനോ കഴിയാത്തവർ വിജയികളുടെ കൂട്ടത്തിൽ ധാരാളമുണ്ടാകും. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കാറുണ്ട്. കോടതികൾ പോലും ഈ വിഷയത്തിൽ പലകുറി ഇടപെട്ടിട്ടുണ്ട്. എന്നാൽ സഞ്ചിഭാരം ഇതുവരെ കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഓരോ വർഷവും കൂടിവരികയുമാണ്. സിലബസ് കുറഞ്ഞാലല്ലേ സഞ്ചിഭാരവും കുറയൂ. ഉൾക്കൊള്ളാനാവാത്തത്ര വിജ്ഞാനഭാരം തലയിൽ വച്ചു കെട്ടാനാണ് ശ്രമം. പരീക്ഷാസമ്പ്രദായം കൂടുതൽ കൂടുതൽ ഉദാരമാകുന്നതുകൊണ്ട് ആർക്കും ഇത് പ്രശ്നമാകുന്നില്ലെന്നു മാത്രം. എങ്കിലും കൊവിഡ് മഹാമാരി സ്കൂൾ പഠന പ്രക്രിയയെ കാര്യമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവിടെയും ആവശ്യമില്ലാത്ത പാഠഭാഗങ്ങൾ ഒഴിവാക്കി കുട്ടികൾക്ക് ആശ്വാസം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.