house-construction

 കൂലിയും 100 രൂപ കൂട്ടി

തിരുവനന്തപുരം: പുതിയ വീട്ടിൽ വിഷുവിന് പാലുകാച്ചിക്കയറാൻ ആഗ്രഹിച്ചവരെ കൊവിഡ് ലോക്ക് ഡൗൺ പറ്റിച്ചെങ്കിൽ ചിങ്ങത്തിനു കയറാൻ തയ്യാറെടുക്കുന്നവർ നിർമ്മാണ സാമഗ്രികളുടെ അമിത വിലയിൽ വട്ടം കറങ്ങുന്നു. തൊഴിലാളികൾ ഒറ്റയടിക്ക് കൂലി 100 രൂപ കൂട്ടുകയും ചെയ്തു.

ബഡ്ജറ്റും എസ്റ്റിമേറ്റുമെല്ലാം തകർത്തുകൊണ്ട് മണലിനും സിമന്റിനുമടക്കം വില മേലോട്ടാണ്. 20 ലക്ഷം എസ്റ്റിമേറ്റിട്ട് പണി തുടങ്ങിയ കെട്ടിടം പൂർത്തിയാകണമെങ്കിൽ അഞ്ചു ലക്ഷമെങ്കിലും അധികം വേണമിപ്പോൾ.

കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ വിലവർദ്ധന നോക്കാം. സിമന്റിന് 40 രൂപ കൂടി. മണലിന് ഓരോ ദിവസം ഓരോ വില. എം സാൻഡിനും പി സാൻഡിനും ലോഡിന് ആയിരം രൂപ കൂടി. 7 രൂപയായിരുന്ന ഒരു ഇഷ്ടികയ്ക്ക് 9 രൂപയായി. ഹോളോബ്രിക്സ് 34 രൂപയായിരുന്നത് 44 ആയി. താമ്പൂക്കിന് 29 ൽ നിന്ന് 35 ആയി. പാറപ്പൊടി കുട്ടയ്ക്ക് 10 രൂപ വർദ്ധിച്ചു.

കൊവിഡിനെത്തുടർന്ന് അന്യസംസ്ഥാനത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയ അവസരം മുതലാക്കിയാണ് തദ്ദേശീയരായ തൊഴിലാളികൾ പണിക്കൂലി കൂട്ടിയത്. മേസ്തിരിമാർ കൂലി 1000ത്തിൽ നിന്ന് 1100 രൂപയാക്കിയപ്പോൾ ഹെൽപ്പർമാരുടേത് 850ൽ നിന്ന് 950 ആയി. കൂലി കൂട്ടിക്കൊടുത്തിട്ടും ജോലിക്ക് ആളെക്കിട്ടാനുമില്ല.

ഉത്പാദനം കുറഞ്ഞു

ലോക്ക്ഡൗൺ മൂലം കമ്പനികൾ ഉത്പാദനം കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

നിർമ്മാണസാമഗ്രി വില

3 മാസം മുൻപ് - ഇപ്പോൾ

8 എം.എം കമ്പി ഒരു കിലോ: 48 - 55

16 എം.എം കമ്പി ഒരു കിലോ: 47- 53

ഒരു ചാക്ക് സിമന്റ്: 410- 450

ഒരു ലോഡ് പി സാൻഡ്: 7000 - 8000

ഒരു ലോഡ് എം സാൻഡ്: 6000 - 7000

പതിനായിരം ഇഷ്ടിക: 64,500- 80,000

ഒരു ലോഡ് പാറ: 6500- 8000

''കെട്ടിട നിർമ്മാണ സാമഗ്രികൾ വിലകൂട്ടി വിറ്റാൽ കർശന നടപടിയുണ്ടാകും. പൂഴ്ത്തിവച്ച് കൊള്ള വില ഈടാക്കരുത്.

മുഖ്യമന്ത്രി പിണറായി വിജയൻ

(ലോക്ക് ഡൗൺ വാർത്താസമ്മേളനത്തിൽ പറഞ്ഞത്)

''നിർമ്മാണ മേഖല സ്തംഭിച്ചു. വില കുതിച്ചുയരുകയാണ്. തൊഴിലാളികൾക്കും കരാറുകാർക്കും പണിയില്ലാതായി.

മോഹൻ നേതാജി, കോൺ‌‌ട്രാക്ടർ

ദ്വാരക കൺസ്ട്രക്‌ഷൻ