h

കിളിമാനൂർ: കൊവിഡ് മഹാമാരിയിൽ പെട്ട് ആടിയുലഞ്ഞ ജീവിതവുമായി കലാകാരന്മാർ. കലയെ മാത്രം ആശ്രയിച്ചു ജീവിച്ച ജീവിതങ്ങൾ ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. ഉത്സവങ്ങളും ആഘോഷങ്ങളും തുടങ്ങുന്ന മാർച്ച് ഏപ്രിൽ മാസത്തിൽ എത്തിയ കൊവിഡ് മഹാവ്യാധി തകർത്തത് കലയെ ഉപാസിച്ചു മാത്രം ജീവിച്ച കലാകാരന്മാരുടെ കണക്കുകൂട്ടലുകളായിരുന്നു. ഉത്സവ സീസൺ മുന്നിൽ കണ്ട് മാസങ്ങൾക്ക് മുൻപേ എത്തുന്ന ബുക്കിംഗുകൾ വച്ച് കണക്കുകൂട്ടിയതെല്ലാം മലർപ്പൊടിക്കാരന്റെ സ്വപ്നംപോലായി.

വേഷ ഭൂഷാദികളും ചമയങ്ങളും ഏറെ വേണ്ടിവരുന്ന കഥകളി, ഓട്ടംതുള്ളൽ, കൂത്ത്, കൂടിയാട്ടം പോലുള്ള നൃത്ത രൂപങ്ങൾക്ക് വേണ്ടിയുള്ള ആടയാഭരണങ്ങൾക്കായി കടം വാങ്ങി ചെലവിട്ട തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നോർത്തുള്ള ആധിയിലാണ് ഒരു വിഭാഗം കലാകാരൻമാർ. വിവിധ നാടക സമിതികളിൽ ജോലി ചെയ്തുവന്നവർ, സിനിമകളിലും സീരിയലുകളിലും ജൂനിയർ ആർട്ടിസ്റ്റുകളുടെ വേഷത്തിൽ അഭിനയിക്കുന്നവർക്കും സമാന അവസ്ഥയാണ്. ഉത്സവ സീസൺ മുന്നിൽ കണ്ട് കടം വാങ്ങിയും, വായ്പയെടുത്തും റിഹേഴ്സൽ ക്യാമ്പുകളിലേക്ക് മുടക്കിയ തുക എങ്ങനെ തിരിച്ചടക്കാൻ പറ്റുമെന്നിവർക്കറിയില്ല.

ഒരു വർഷത്തെ ജീവിതം മാർച്ച് ഏപ്രിൽ മാസത്തെ സീസണിനെ ആശ്രയിച്ചാണ്. സാമൂഹ്യവ്യാപനം വഴി മഹാവ്യാധി ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചോർക്കുമ്പോൾ ഇവർക്ക് പേടിപ്പെടുത്തുന്ന ശൂന്യതയാണ്. കലയെ മാത്രം ആശ്രയിച്ചു, വേറെ മേഖലയിലേക്കോ, ടെക്‌നിക്കൽ ജോലികൾക്കോ ഒന്നും പോകാതെ ജീവിച്ചവർ സ്വന്തം ദുഃഖം തുറന്നുപറയാൻ പോലും പറ്റാത്ത സ്ഥിതിയിലാണ്.