sivasankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ തത്കാലം വകുപ്പുതല അന്വേഷണമുണ്ടാവില്ല.

സ്വർണക്കടത്ത് കേസിൽ നിലവിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാലും പ്രതിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിൽ മാത്രമാണ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത് എന്നതിനാലുമാണിത്. വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിക്കോ ചീഫ്സെക്രട്ടറിക്കോ ഇതുവരെ പരാതിയും ലഭിച്ചിട്ടില്ല.

സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയായ സ്വപ്നയ്ക്ക് ഐ.ടി വകുപ്പിന് കീഴിലെ പ്രോജക്ടിൽ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസി വഴി ജോലി ലഭിച്ചതിനെക്കുറിച്ച് അന്വേഷണം ആകാമെങ്കിലും അതിനും സർക്കാർ തയ്യാറായിട്ടില്ല. ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്ക് എന്ന പ്രോജക്ടിലാണ് ജോലി ലഭിച്ചത്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന പ്രോജക്ടിൽ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും എങ്ങനെ നിയമനം കിട്ടിയെന്ന ചോദ്യം നിർണായകമാണ്. എന്നിട്ടും സർക്കാർ അന്വേഷിക്കാത്തത് ദുരൂഹമാണെന്ന ആക്ഷേപം പ്രതിപക്ഷമുയർത്തുന്നുണ്ട്.