ആര്യനാട്: സ്രവ പരിശോധന തുടർച്ചയായ മൂന്നാം ദിവസവും തുടരുമ്പോഴും ആശങ്കയൊഴിയാതെ ആര്യനാട്. നിരവധിപേരുമായി അനുദിനം ബന്ധപ്പെടുന്ന വ്യക്തികൾക്കാണ് ആദ്യഘട്ടത്തിൽ ആര്യനാട് രോഗം സ്ഥിരീകരിച്ചതെന്നതാണ് ആശങ്കയ്‌ക്ക് കാരണമാകുന്നത്. ഇവരുടെ സമ്പർക്കപട്ടികയിലും സെക്കൻഡറി കോൺടാക്ട് ലിസ്റ്റിലും ഉൾപ്പെട്ടത് നൂറുകണക്കിന് പേരുണ്ടെന്നതാണ് ആശങ്ക വർദ്ധിക്കാൻ കാരണം. ഇന്നലെ 217 പേരുടെ പരിശോധന നടത്തിയെങ്കിലും ഫലമെല്ലാം നെഗറ്റിവായിരുന്നത് നേരിയ ആശ്വാസം ഉണ്ടാക്കിയെങ്കിലും ഇന്നും വരും ദിവസങ്ങളിലും പരിശോധന തുടരും . ഇനിയുള്ള ഫലമെന്താകുമെന്നറിയാൻ ഭയപ്പാടോടെ കാത്തിരിക്കുകയാണ് ഇവിടത്തെ ജനങ്ങൾ . സ്രവ പരിശോധ ക്യാമ്പ് സജ്ജമാക്കിയ ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഇന്നലെ നിരവധിപേരാണ് പരിശോധനയ്‌ക്കായി എത്തിയത്. ഡോക്ടർ,രണ്ട് ആശാവർക്കർമാർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആര്യനാട് ട്രാൻസ്‌പോർട്ട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ, ബേക്കറി ഉടമ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ 287 പേരുടെ പരിശോധനയിൽ രണ്ടുപേർക്ക് രോഗം കണ്ടെത്തിയിരുന്നു. കൂടുതൽ പേർക്ക് രോഗമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പരിശോധന നടന്നത്. സമ്പർക്ക പട്ടികയിൽ പറയുന്ന സ്ഥലങ്ങളിൽ നിന്ന് എത്തിയവരായിരുന്നു പരിശോധിച്ചത്. കൊവിഡ് പോസിറ്റിവായ വ്യക്തി എത്തിയ വെള്ളനാട് ട്രഷറിയിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരെയും ക്വറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധന നടത്തിപ്പിൽ ആശയക്കുഴപ്പം, ജനപ്രതിനിധികളും ജീവനക്കാരും തമ്മിൽ വാക്കേറ്റം
സ്രവപരിശോധന നടത്തേണ്ടവർ പഞ്ചായത്തിലെ ഹെൽപ് ഡെസ്‌കിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും ലിസ്റ്റ് പ്രകാരം വ്യാഴാഴ്ച രാവിലെ മുതൽ ആര്യനാട് ആശുപത്രിയിൽ എത്തി പരിശോധന നടത്തണമെന്ന അറിയിപ്പിൽ നിന്ന് വ്യത്യസ്തമായി പുതിയ ലിസ്റ്റ് അനുസരിച്ച് സ്രവ പരിശോധന നടത്താനുള്ള തീരുമാനം വാക്കേറ്റത്തിന് കാരണമായി. നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്കായി എത്തിയപ്പോൾ ആദ്യ ലിസ്റ്റ് ഒഴിവാക്കി ആശുപത്രിയിൽ എത്തിയവരെ വിളിച്ച് സ്രവപരിശോധന ആരംഭിച്ചതാണ് ജനപ്രതിനിധികളും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായത്. പരിശോധനയ്ക്ക് എത്തിയവർ സമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയതും രംഗം വഷളാക്കി. തുടർന്ന് ഡോക്ടറും ജനപ്രതിനിധികളുമായി നടന്ന ചർച്ചയെ തുടർന്നാണ് പ്രശ്നം അവസാനിച്ചത്. രോഗികളുടെ എണ്ണം ഉയർന്നതോടെ ജില്ലാ കളക്ടർ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.