തിരുവനന്തപുരം: നഗരം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സരേന്ദൻ പറഞ്ഞു. അഗ്രസീവ് ടെസ്റ്റിംഗാണ് കണ്ടെയ്ൻമെന്റ് സോണുകളിൽ സർക്കാർ നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ടീമിന്റെ പരിശോധനയായിരുന്നെങ്കിൽ ഇപ്പോൾ ആറ് ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങൾക്കുള്ളിൽ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളെ മുഴുവൻ ടെസ്റ്റിംഗിന് വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പോസിറ്റീവ് ഫലം വരുന്ന മുഴുവൻ പേരെയും ഹോസ്‌പിറ്റലൈസ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഈ മേഖലയിൽ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കും. വീഡിയോ കോൺഫറൻസ് മുഖേന ആ പ്രദേശത്തെ എം.എൽ.എ, കൗൺസിലർ,രാഷ്ട്രീയ നേതാക്കൾ, മതസാമുദായിക നേതാക്കൾ തുടങ്ങിയവരുമായി ഇന്നലെ ചർച്ച നടത്തുകയും സാമൂഹിക അകലം പാലിക്കുന്നതിന് ബോധവത്കരണം നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മാസ്കും സാനിറ്റെെസറും നഗരസഭ എത്തിക്കും
കണ്ടെയ്ൻമെന്റ് സോണുകളിൽ മാസ്‌കും സാനിറ്റെെസറും സ്വന്തം നിലയ്ക്ക് വാങ്ങാൻ കഴിയാത്തവർക്ക് കൗൺസിലർമാർ മുഖേന നഗരസഭ അവ വിതരണം ചെയ്യും. 24 മണിക്കൂറും ടെലി ഡോക്ടർ സേവനം ലഭ്യമാക്കുന്നതിനായി കളക്ടറേറ്റിലെ വാർ റൂമിൽ ഡോക്ടർമാരുടെ സേവനവുമുണ്ടാകും.ജില്ലയുടെ തീരദേശ മേഖലയിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്. പൂന്തുറയിൽ നിന്ന് തമിഴ്നാട്ടിലേക്കും തമിഴ്നാട്ടിൽ നിന്നു പൂന്തുറയിലേക്കും മത്സ്യബന്ധന ബോട്ടുകൾ പോകുന്നതും അനുവദിക്കില്ല. കോസ്റ്റ് ഗാർഡ്,കോസ്റ്റൽ സെക്ക്യൂരിറ്റി, മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.