cpm

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ ദുരൂഹത സൃഷ്ടിച്ച് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രവഴി ഉപയോഗിച്ച് സ്വർണം കടത്തിയവരെയും അതിനു പിറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സമഗ്രമായ അന്വേഷണം കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തിനും എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നിട്ടും കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ ചില പ്രതികരണങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞുമാറലാണ്.

ഇതിനു മുമ്പും നയതന്ത്ര വഴി ഉപയോഗിച്ച് സ്വർണം കടത്തിയത് പിടികൂടാൻ കസ്റ്റംസിനു കഴിഞ്ഞില്ല. നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്സലുകൾ സംശയമുളവാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്ന് മുരളീധരൻ വ്യക്തമാക്കണം.
കോൺഗ്രസും ബി.ജെ.പിയും ഒരു സംഘം മാദ്ധ്യമങ്ങളും പുകമുറ സൃഷ്ടിച്ച് സ്വർണ കള്ളക്കടത്തിൽ നിന്നു ശ്രദ്ധ തിരിച്ചുവിടുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യം കൊണ്ടാണ്. ആരാണ് സ്വർണം കടത്തിയത്, ആർക്കുവേണ്ടിയാണ് ഇതു ചെയ്തത്, എത്രകാലമായി ഇതുചെയ്തുവരുന്നു, ഇതിനു സഹായം നൽകുന്ന ശക്തികൾ ആരൊക്കെയാണ്, ആർക്കെല്ലാമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് എന്നീ ചോദ്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ് ഈ സംഘം നടത്തുന്നത്.

കള്ളക്കടത്ത് സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ചത് ബി.എം.എസ് നേതാവാണെന്ന് മനസിലാക്കി ഇതിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് കെ.സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന ആരോപണമുന്നയിച്ചത്. ഐ.ടി വകുപ്പിന്റെ കരാറെടുത്ത സ്ഥാപനത്തിന്റെ ഉപകരാറുകാരുടെ താത്കാലിക ജീവനക്കാരിയായ സ്വപ്നയ്ക്ക് കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് അറിഞ്ഞയുടൻ പുറത്താക്കാനാവശ്യപ്പെട്ടു സർക്കാർ. ഇവരുമായി വ്യക്തിബന്ധമുണ്ടെന്ന് ആക്ഷേപം വന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി. ധീരമായ നിലപാടാണിത്.
കേസിൽ മുഖ്യകണ്ണിയായ സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനും നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളുമാണ്. സ്വപ്നയെ കോൺസുലേറ്റിലേക്കും എയർ ഇന്ത്യാ സാറ്റ്സിലേക്കും ശുപാർശ ചെയ്തത് കോൺഗ്രസ് എം.പിയാണെന്നും വ്യക്തമായി. ഇത്തരം സ്വാധീനങ്ങൾ വഴി കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ നിതാന്ത ജാഗ്രത വേണം.
മഹാമാരിക്കെതിരെ വിശ്രമരഹിതമായി പ്രവർത്തിച്ച് ലോകത്തിന്റെ അംഗീകാരം നേടിയ മുഖ്യമന്തിക്കും സർക്കാരിനും കിട്ടിയ ജനപിന്തുണ ഇക്കൂട്ടരെ വെപ്രാളപ്പെടുത്തുന്നുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞ് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.