നെടുമങ്ങാട് : മഴവെള്ളപ്പാച്ചിലിൽ നിന്ന് വീടിനെ രക്ഷിക്കാൻ അടിസ്ഥാനം അപ്പാടെ അറുത്തു മാറ്റി ഉയരം കൂട്ടുന്ന സാങ്കേതിക മികവിന്റെ വിജയത്തിന് സാക്ഷ്യം വഹിക്കുകയാണ് നെടുമങ്ങാട്ടുകാർ. ടയർ പഞ്ചറായ വാഹനങ്ങൾ ജാക്കി വച്ച് ഉയർത്തുന്ന മാതൃകയിലാണ് ഇരുനിലവീടിന്റെ ഉയരം കൂട്ടുന്നത്. നെടുമങ്ങാട് ബസ് സ്റ്റാൻഡിനു സമീപം പറണ്ടോട് തെക്കുംകരയിൽ വിനോദിന്റെ വീടാണ് 250ലധികം ജാക്കികളുടെ സഹായത്താൽ ഉയർത്തുന്നത്.
അടിസ്ഥാനത്തിനു തൊട്ടടുത്തു വച്ച് ചുവരുകൾ അറുത്തു മാറ്റും. തുടർന്ന് ജാക്കികൾ സ്ഥാപിച്ച് നാലുഭാഗവും ഒരുപോലെ ഉയർത്തും. ഓരോ അടി പൊക്കുന്നതിനനുസരിച്ച് കല്ലുകെട്ടി അടിസ്ഥാനവും ഉറപ്പിക്കും. അങ്ങനെ പടിപടിയായി വിനോദിന്റെ വീട് ഉയരുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് വീട്ടിലേക്ക് വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായതായി വിനോദ് പറഞ്ഞു. കൂട്ടത്തിൽ പാമ്പുകളും മറ്റ് ഇഴജന്തുക്കളും വലിയ ഭീഷണിയായിരുന്നു. മഴക്കാലം സ്ഥിരം ദുരിതമായതോടെയാണ് വിനോദ് വീട് ഉയർത്തി സ്ഥാപിക്കാൻ തീരുമാനിച്ചത്.
25 ദിവസത്തിൽ ഉയർത്തിയത് അഞ്ചടി പൊക്കം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൂമി ഹൗസ് ലിഫ്‌റ്റിംഗ് ആൻഡ് കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് വീട് ഉയർത്തുന്ന വിദ്യയുമായി മുന്നോട്ടുവന്നത്. കമ്പനി ഉടമയും കോഴിക്കോട് സ്വദേശിയുമായ ഷിബുവും ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികളുമാണ് കഠിന പ്രയത്നത്തിനു പിന്നിൽ.
ഉയരം വർദ്ധിപ്പിച്ചത് നൂറിലേറെ കെട്ടിടങ്ങൾക്ക്
കോഴിക്കോട്ടുള്ള തറവാട് വീടിനു വെള്ളക്കെട്ട് ഭീഷണിയായപ്പോഴാണ് ഷിബു വീട് ഉയർത്തുക എന്ന ആശയത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഉത്തരേന്ത്യയിൽ പോയി നിർമ്മാണം നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടു. ചില തൊഴിലാളികളെയും കൂടെ കൂട്ടി. പത്ത് വർഷത്തിനിടെ വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെ നൂറിലേറെ കെട്ടിടങ്ങൾ ഉയരം കൂട്ടി നിർമ്മിച്ചു.
ജോലി ആരംഭിച്ചിട്ട് 01 മാസം
50 ദിവസം കൊണ്ട് പൂർത്തിയാക്കും
ഇപ്പോൾ അഞ്ചടിയോളം ഉയർത്തി
..............................................
എത്ര പഴക്കമുള്ള കെട്ടിടങ്ങൾ ആണെങ്കിലും ജാക്കികൾ സ്ഥാപിച്ച് ഉയരം വർദ്ധിപ്പിക്കാൻ സാധിക്കും. താഴ്ന്ന പ്രദേശങ്ങളിൽ നിർമ്മിച്ച വീടുകൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ വിദ്യ. ചുമരുകൾക്കോ മേൽക്കൂരയ്ക്കോ
കേടുപാടുണ്ടാവില്ല
- ഷിബു കോഴിക്കോട് (ഹൗസ് ലിഫ്റ്റിംഗ് ഉടമ. ഫോൺ : 9447043377)