ddd

നെയ്യാറ്റിൻകര : സ്വർണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ വസതിയിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ബാലരാമപുരത്തിന് സമീപം രാമപുരത്തെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്. മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി നിനോ അലക്സ്, സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് കോട്ടുകാൽ, യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ചെങ്കൽ റജി, ദളിത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി കവളാകുളം സന്തോഷ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പ്രമോദ്, പത്താംകല്ല് സുഭാഷ്, ചായ്ക്കോട്ടുകോണം സാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ സന്ത്വം ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നിനോ അലക്സ് പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക അകലം പാലിക്കാതെ സമരം നടത്തുന്നതിനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ കഴിഞ്ഞ ദിവസം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സ്വപ്ന സുരേഷിന്റ അമ്മ മാത്രമാണ് രാമപുരത്തെ വീട്ടിൽ താമസം. വരും ദിവസങ്ങളിലും വീടിന് നേരെ ആക്രമണം ഉണ്ടാകാതിരിക്കാൻ കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് വീടിന് പ്രൊട്ടക്ഷൻ നൽകുമെന്ന് പൊലീസ് പറഞ്ഞു.