മുടപുരം: രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധന പെരുമാതുറയിൽ ഇന്നും തുടരുമെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. ഇന്നും 75 പേരെ പരിശോധിക്കും.സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 75 പേരിൽ ഇന്നലെ നടത്തിയ ടെസ്റ്റിൽ 74 പേർക്കും രോഗമില്ലെന്നു കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആളുമായി സമ്പർക്കം പുലർത്തിയവർക്കു ഇന്നത്തെ പരിശോധനയിൽ പരിഗണന നൽകും.ചിറയിൻകീഴ് താലൂക്ക് നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ അശ്വനി രാജ്,ദീപക്,ആൻസി,ജാതവേതസ് മോഹൻലാൽ,വീണ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ മറ്റുള്ള പഞ്ചായത്തുകളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.