കാട്ടാക്കട: ഗ്രാമീണ മേഖലകളിലേക്ക് കൊവിഡ് 19 പടർന്നിട്ടും തെല്ലും കൂസലില്ലാതെ ആളുകൾ പൊതുസ്ഥലങ്ങളിൽ കറങ്ങിനടക്കുന്നു. കാട്ടാക്കടയുടെ പരിസര പ്രദേശങ്ങളിൽ ഓരോ ദിവസവും പോസിറ്റീവ് കേസുകൾ കൂടിവരുമ്പോഴാണ് ജനങ്ങളുടെ അശ്രദ്ധ. സമ്പർക്ക സാദ്ധ്യത കൂടിയിട്ടും ജനം തെരുവിലിറങ്ങിയത് ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും തലവേദനയാകുന്നുണ്ട്. ആളുകൾ സ്വയം നിയന്ത്രിക്കാതെ വീട്ടു സാധനങ്ങൾ വാങ്ങാൻ പോലും കുടുംബസമേതം പോകുന്ന സ്ഥിതിയാണ്. കാട്ടാക്കടയിൽ ആടികിഴിവ് പ്രഖ്യാപിച്ചതോടെ ലോക്ക് ഡൗൺനിയമങ്ങൾ ലംഘിച്ചാണ് കടകളിലേക്ക് ആളുകൾ എത്തുന്നത്. സ്വർണക്കടകളിൽപ്പോലും സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല. കാട്ടാക്കട പബ്ലിക്ക് മാർക്കറ്റ് അടച്ചതോടെ മാസങ്ങളായി റോഡിലാണ് കച്ചവടം. റോഡിൽ പച്ചക്കറി, മത്സ്യക്കച്ചവടം എന്നിവ വലിയതോതിലാണ് നടക്കുന്നത്. ചന്ത ദിവസങ്ങളായ തിങ്കളും വ്യാഴവും കാട്ടാക്കടയിൽ വലിയ തിരക്കാണ്. നഗരം കടക്കണമെങ്കിൽപ്പോലും രാവിലെ മണിക്കൂറോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. മാസ്ക് നിർബന്ധമാണെങ്കിലും ഗ്രാമീണ മേഖലകളിൽ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. കുട്ടികളെ പോലും മാസ്ക് ധരിപ്പിക്കാതെയാണ് കൂടെ കൂട്ടുന്നത്.
മത്സ്യ മേഖല ഭീതിയിൽ
മത്സ്യ മാർക്കറ്റുകളിലെ ജനത്തിരക്കാണ് കടുതലും രോഗവ്യാപനത്തിന് കാരണമാകുന്നത്. തമിഴ്നാട്ടിൽ നിന്നും രാത്രികാലങ്ങളിൽ വലിയ കണ്ടെയ്നർ ലോറികളിലാണ് മത്സ്യം ഗ്രാമങ്ങളിലേക്ക് എത്തുന്നത്. തമിഴിനാട്ടിൽനിന്നും വരുന്ന ലോറി ഡ്രൈവർമാർ കൊവിഡ് പ്രതോധ മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത. ഇതുകാരണം സമൂഹ വ്യാപന സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പ്രതിരോധ മാനദണ്ഡങ്ങൾ അവഗണിക്കുന്നത് രോഗവ്യാപനം കൂട്ടാൻ സാദ്ധ്യതയുണ്ട്. ഇക്കാരണത്താൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.