തിരുവനന്തപുരം: ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്ക് പിൻവലിച്ചത് സംഘടനകളുമായി ജുലായ് 3നു നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് മുന്നോട്ടുവച്ച കാര്യങ്ങളിൽ ഇരുകക്ഷികളും സമവായത്തിൽ എത്തിയശേഷമെന്ന് എയർ ഇന്ത്യ എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്(സാറ്റ്സ്).

പണിമുടക്ക് എത്രയും വേഗം പിൻവലിക്കും (ജൂലായ് 4 ന് ഇത് പ്രാവർത്തികമായി). കരാർ പുതുക്കാത്ത തൊഴിലാളികൾക്ക് ജൂലായ് മാസത്തെ ശമ്പളം നൽകും. എന്നാൽ അവരെ യാതൊരു കാരണവശാലും തിരികെ വിളിക്കില്ല. ജീവനക്കാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് യാതൊരു സമവായവും ഉണ്ടായിട്ടില്ല. ഈ വിഷയത്തിലുള്ള എല്ലാ തീരുമാനങ്ങളും 2020 ഓഗസ്റ്റ് 5നു മുൻപ് ഉഭയസമ്മതപ്രകാരം എടുക്കും എന്നീ നിബന്ധനകളിലാണ് സമരം പിൻവലിച്ചത്. തിരുവനന്തപുരത്ത് 900 ഫിക്സ്ഡ് ടേം കരാർ ജീവനക്കാർ ജോലിയിലുണ്ട്. ഒരു ഫിക്സ്ഡ് ടേം കരാറിന്റെ കാലാവധി മൂന്ന് വർഷമാണ്. നിലവിലുള്ള മോശം ബിസിനസ് സാഹചര്യങ്ങളാൽ മേൽപ്പറഞ്ഞ ഫിക്സ്ഡ് ടേം കരാർ കാലാവധി അവസാനിച്ച 77 ജീവനക്കാരിൽ, 19 പേരുടെ കരാർ പുതുക്കാൻ സാധിച്ചില്ല. ഇതുകൂടാതെ, പ്രൊബേഷനിൽ ഉണ്ടായിരുന്ന മറ്റ് 80 ജീവനക്കാരെയും സ്ഥിരപ്പെടുത്താനായില്ല, ഒപ്പം 3 പേരെ അച്ചടക്ക നടപടികളുടെ പേരിലാണ് നീക്കം ചെയ്‌തതെന്നും മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.