വർക്കല: വർക്കല സബ്ബ് ആർ.ടി ഓഫീസ് ഇന്ന് വൈകിട്ട് 3ന് മന്ത്റി എ.കെ. ശശീന്ദ്രൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. പുത്തൻചന്ത ചിത്രാ ബിൽഡിംഗിലെ ഒന്നും രണ്ടും നിലകളിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നത്. സബ്ബ് ആർ.ടി ഓഫീസ് യാഥാർത്ഥ്യമാകുന്നതോടെ വർക്കല താലൂക്കിലുള്ളവർക്ക് വാഹനസംബന്ധമായ കാര്യങ്ങൾക്ക് ആറ്റിങ്ങൽ ആർ.ടി ഓഫീസിൽ പോകുന്നത് ഒഴിവാക്കാം.
ശനിയാഴ്ച മുതൽ ഓഫീസ് സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അഡ്വ. വി. ജോയി എം.എൽ.എ പറഞ്ഞു. കെ.എൽ 81 ആണ് വർക്കലയുടെ രജിസ്ട്രേഷൻ കോഡ്. 2014ൽ വർക്കല താലൂക്ക് രൂപീകരിക്കപ്പെട്ടത് മുതലുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
വർക്കല, ഇടവ, ഇലകമൺ, ചെമ്മരുതി, നാവായിക്കുളം, കുടവൂർ, പള്ളിക്കൽ, മടവൂർ, മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ, വെട്ടൂർ എന്നീ 12 വില്ലേജുകളാണ് വർക്കല ആർ.ടി ഓഫീസിന്റെ പരിധിയിൽ വരുന്നത്. നിലവിൽ ഈ വില്ലേജുകളെല്ലാം ആറ്റിങ്ങൽ ആർ.ടി ഓഫീസിന്റെ പരിധിയിലായിരുന്നു.
ആറ്റിങ്ങൽ ആർ.ടി ഓഫീസിന് കീഴിൽ ഏറ്റവുമധികം വാഹന രജിസ്ട്രേഷൻ നടന്നിരുന്നത് ഈ വില്ലേജുകളിലാണ്. ജോയിന്റ് ആർ.ഒ, ഒരു വെഹിക്കിൾ ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റന്റ് വെഹിക്കിൽ ഇൻസ്പെക്ടർമാർ, ഒരു അക്കൗണ്ടന്റ്, രണ്ട് ക്ലെറിക്കൽ സ്റ്റാഫ് എന്നീ ജീവനക്കാരെയാണ് വർക്കല ആർ.ടി ഓഫീസിൽ ആദ്യഘട്ടമായി അനുവദിച്ചിട്ടുള്ളത്.
ഇതിന് പുറമെ മൂന്ന് താത്കാലിക ജീവനക്കാരും ഉണ്ടാവും. ഓഫീസിലേക്ക് ഒരു വാഹനവും അനുവദിച്ചിട്ടുണ്ട്. ഓഫീസിന്റെ പ്രവർത്തനം പൂർണമായും ഹൈടെക് ആയിരിക്കും. ലേണേഴ്സ് ലൈസൻസ്, പുതിയ ലൈസൻസ് എടുക്കൽ, ലൈസൻസ് പുതുക്കൽ, മേൽവിലാസം മാറൽ, പുതിയ വാഹന രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പുതുക്കൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലൈസൻസ് ചേർക്കൽ, ഉടമസ്ഥാവകാശം മാറൽ, പെർമിറ്റ് അനുവദിക്കൽ, ഹെവി ഡ്രൈവിംഗ് ടെസ്റ്റ്, സി.എഫ് ടെസ്റ്റ്, ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ വർക്കല ആർ.ടി ഓഫീസിൽ ലഭിക്കും. ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഓഫീസിന്റെ ഒന്നാം നിലയിലും വാഹന രജിസ്ട്രേഷനും ഫീസ് കൗണ്ടറുകളും രണ്ടാം നിലയിലുമായിരിക്കും. ലേണേഴ്സ് ടെസ്റ്റിന് അഞ്ച് കൗണ്ടറുകൾ ഉണ്ടായിരിക്കും. കുടുംബശ്രീ യൂണിറ്റിന്റെ ചുമതലയിലായിരിക്കും ഓൺലൈൻ സേവനങ്ങൾ. ഉദ്ഘാടന ചടങ്ങിൽ അടൂർപ്രകാശ് എം.പി, എം.എൽ.എമാരായ വി. ജോയി, ബി. സത്യൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ജോയിന്റ് ആർ.ടി.ഒ ദിലു തുടങ്ങിയവർ പങ്കെടുക്കും.