kanam-rajendran

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിനതീതമായിരിക്കണമെന്നതിൽ സംശയമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു.

സ്വർണക്കടത്ത് വിഷയത്തിൽ പരിശോധനയും നടപടിയുമുണ്ടാവുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്നതല്ല ഇപ്പോഴത്തെ വിഷയം. സ്വർണ കള്ളക്കടത്ത് അന്വേഷിക്കുകയാണ്. കരിപ്പൂരിലും കൊച്ചിയിലും കണ്ണൂരിലും രണ്ട് മാസത്തിനിടെ നിരവധി സ്വർണക്കടത്ത് പിടിച്ചു. ഇതന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തേണ്ട ബാദ്ധ്യത കസ്റ്റംസിനും കേന്ദ്ര ഏജൻസിക്കുമാണ്. സ്വർണം ആരയച്ചു, ആര് കടത്തി, ആർക്ക് ലഭിച്ചു എന്നതാണ് പ്രധാനം. സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. അവതാരങ്ങൾ കടന്നുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണം. ഒരു സർക്കാരിന്റെ ഗ്രാഫ് എപ്പോഴും മുകളിലേക്ക് പോകണമെന്നില്ല. പ്രതിസന്ധിയും പ്രശ്നവുമുണ്ടാവുമ്പോൾ ഗ്രാഫിലും മാറ്റമുണ്ടാകും. പ്രതിസന്ധി അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്തും കഴിവും ജനപിന്തുണയും ഇടതുസർക്കാരിനുണ്ട്.

ശിവശങ്കറെ മാറ്റാൻ

ആവശ്യപ്പെട്ടിരുന്നു

സ്‌പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന്, ഐ.ടി സെക്രട്ടറി ശിവശങ്കറെ മാറ്റണമെന്നും, മന്ത്രിസഭയെ ഇരുട്ടിൽ നിറുത്തിയുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും സി.പി.ഐ ഏപ്രിൽ 20ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആരോപിതനായ വ്യക്തിയെ അന്ന് മാറ്റിയിരുന്നെങ്കിൽ നാണക്കേട് ഒഴിവാക്കാമായിരുന്നില്ലേയെന്നത് വ്യാഖ്യാനം മാത്രമാണ്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യേണ്ടത് പേഴ്സണൽ ഡിപ്പാർട്ട്മെന്റിന്റെ നടപടിക്രമമാണ്. അന്വേഷണം നടക്കട്ടെ. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാവും. അവരെ സർക്കാർ സംരക്ഷിക്കാൻ ശ്രമിച്ചാലേ കുഴപ്പമുള്ളൂ.

സോളാറും ഇതും രണ്ട് കേസാണ്. സോളാർ കേസിൽ അന്വേഷണമാവശ്യപ്പെട്ടത് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ്. ഇവിടെ ആ ഘട്ടമായിട്ടില്ല.സർക്കാരുമായി ബന്ധപ്പെട്ട പല നിയമനങ്ങളെ സംബന്ധിച്ചും ആക്ഷേപങ്ങളുയരുന്നുണ്ട്. അത്തരം നിയമനങ്ങളെല്ലാം സുതാര്യമായി നടത്തണമെന്നാണ് സി.പി.ഐയുടെ നിലപാട്- കാനം വ്യക്തമാക്കി.