കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികൾക്കു വേണ്ടി ഇടപെട്ട എത്ര ഉന്നതനായ ട്രേഡ് യൂണിയൻ നേതാവായാലും ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ.പി ഹരിദാസ്. സ്വർണക്കടത്ത് കേസിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പ്രവർത്തകർ കച്ചേരിപ്പടി ഗാന്ധി പ്രതിമക്കു മുമ്പിൽ നടത്തിയ പ്രതിക്ഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വകുപ്പ് പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണം. എത്ര മണിചിത്രത്താഴിട്ട് പൂട്ടിയാലും ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള ജനരോഷം ആളിപ്പടരും. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫും കോൺഗ്രസ് പാർട്ടിയും നടത്തുന്ന എല്ലാ സമര പരിപാടികൾക്കും കൊവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ഐ.എൻ.ടി.യു.സി പ്രവർത്തകരുടെയും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഷരീഫ് മരയ്ക്കാർ,ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം കെ.എം ഉമ്മർ, ഐ.എൻ.ടി.യു.സി ഭാരവാഹികളായ എൻ.എം അമീർ, വിവേക് ഹരിദാസ്, പി.പി അലിയാർ, പി.ആർ ജോസി, ജോളി പൗവത്തിൽ, എ.എം ഷാജഹാൻ, ആന്റണി ആശാൻ പറമ്പിൽ, സതീശൻ തൃപ്പൂണിത്തുറ, കെ.എം അബ്ദുൾ സലാം, അലി പാറേക്കാട്ടിൽ, അഷറഫ് കാട്ടപ്പറമ്പിൽ, കെ.ജെ സ്റ്റാൻലി എന്നിവർ സംസാരിച്ചു.