general

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതവികസനത്തിന്റെ ഭാഗമായ അയണിമൂട് പാലത്തിന്റെ അവസനാഘട്ട ജോലികൾ പൂർത്തിയായാൽ ബാലരാമപുരം - പള്ളിച്ചൽ റോഡിൽ ഒരു ദിശയിലേക്ക് വാഹനം കടത്തിവിടുമെന്ന് കരാർ ഏറ്റെടുത്ത യു.എൽ.സി.എസ്. പാലത്തിന് കുറുകെ വെറ്റ് മെറ്റലിംഗ് ജോലികൾ രണ്ട് ദിവസത്തിനകം ആരംഭിക്കും. ഈ മാസം 15 ഓടെ റോഡിന്റെ ഒരു ഭാഗം ടാറിംഗ് പൂർത്തിയാക്കി വാഹനഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കും. ലോക്ക് ഡൗണിനെ തുടർന്ന് 50 ദിവസം പണികൾ തടസപ്പെട്ടതും കാലവർഷം എത്തിയതും പാലത്തിന്റെ നിർമ്മാണജോലികൾ നീണ്ടുപോകാൻ കാരണമായി. പാലവും റോഡിനോട് ചേർന്നുള്ള ഉപരിതല കോൺക്രീറ്റ് ജോലികളും പൂർത്തിയായി. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ മീഡിയനുകൾ സ്ഥാപിക്കും. ട്രാഫിക് ഐലന്റുകൾ സ്ഥാപിക്കുന്നതിന്റെ മേൽനോട്ടം കെൽട്രോണിനാണ്. യു.എൽ.സി.എസിന്റെ പണികൾ പൂർത്തിയായാലുടൻ കെൽട്രോൺ അധികൃതർ ട്രാഫിക് ഐലന്റും സിഗ്നൽ സംവിധാനവും ലൈറ്റുകളും സ്ഥാപിക്കും. നിലവിൽ കൊടിനട മുതൽ പള്ളിച്ചൽ വരെ തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ ഇരുളടഞ്ഞ നിലയിലാണ്. തെരുവ് വിളക്കുകൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ടാറിംഗ് പള്ളിച്ചലിലേക്ക് കടന്നതോടെ വാഹനങ്ങളുടെ അമിതവേഗവും നാട്ടുകാർക്ക് ഭീഷണിയായിട്ടുണ്ട്.

രാജപാതയുടെ നിർമ്മാണം വൈകും

കരമന - കളിയിക്കാവിള ദേശീയപാതവികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം രാജപാതയുടെ പണികൾ ഒരു മാസം വൈകുമെന്ന് യു.എൽ.സി.എസ് അധികൃതർ അറിയിച്ചു. ഈ ഭാഗത്തെ വാഹനഗതാഗതം നിർമാണങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതാണ് പ്രധാന കാരണം.

ഉദ്ഘാടനം ജനുവരിയിൽ

കരാർ കാലാവധി ജനുവരി വരെയാണെങ്കിലും ഈ വർഷം ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് യു.എൽ.സി.എസ് ദേശീയപാതവിഭാഗത്തേയും സർക്കാരിനേയും അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ജനുവരി ആദ്യവാരത്തിൽ തന്നെ കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവചമ്പലം മുതൽ കൊടിനട വരെയുള്ള പുതിയ സംസ്ഥാന ഹൈവേയുടെ ഉദ്ഘാടനം നടക്കും.

"പ്രാവച്ചമ്പലത്ത് രാജപാതയുടെ നിർമ്മാണജോലികൾ പൂർത്തിയായാൽ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടാൻ സാധിക്കും. ജനങ്ങളുടേയും വാഹനയാത്രികരുടേയും യാത്രക്ലേശം എത്രയും വേഗം പരിഹരിക്കും."

- ശ്രീനാഥ്, അസി.എൻജിനീയർ,​ നാഷണൽ ഹൈവേ