തിരുവനന്തപുരം: നഗരത്തിൽ സൂപ്പർ സ്‌പെഡ്രിന്റെ സാദ്ധ്യതകൾ തുറന്നിടുന്ന കണക്കുകളാണ് ഇന്നലെ പുറത്തുവന്നത്. തലസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ 213 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും അതിൽ 190 പേർക്ക് സമ്പർക്കം വഴിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതിലും പതിന്മടങ്ങാണ് രോഗികളുടെ എണ്ണമെന്നാണ് വിവരം. പുന്തുറയ്ക്ക് പുറമെ പട്ടത്തും കടകംപള്ളിയിലും ആര്യനാട്ടും വെള്ളനാട്ടും ഉറവിടമറിയാത്തതും സമ്പർക്ക രോഗികളുമുള്ളത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്. ഇന്നലെ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത 95 കൊവിഡ് കേസിൽ 88 പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് മുന്നറിയിപ്പുകൾക്ക് പകരം നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നഗരം രോഗ വ്യാപനത്തിന്റെ അതി നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന മുൻകരുതലുകൾ അവഗണിച്ച് ഇന്നലെയും ട്രിപ്പിൾ ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണുണ്ടായത്. ഇതോടെ നഗരത്തിൽ പരിശോധനയും നിയമനടപടികളും പൊലീസ് കർശനമാക്കി. ഭക്ഷണം ഉൾപ്പെടെ ഒരു തരത്തിലുള്ള ഹോം ഡെലിവറികളും അനുവദിക്കില്ലെന്ന് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു.
പൂന്തുറയെ പ്രത്യേക ക്ലസ്റ്ററാക്കും
നഗരത്തിൽ സെന്റിനൽ സർവൈലൻസ് ഊർജിതപ്പെടുത്തി ആന്റിജൻ പരിശോധന വ്യാപകമാക്കും. രോഗ വ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിംഗും നടത്തും. കോണ്ടാക്ട് ട്രേസിംഗ് വിപുലമാക്കി കണ്ടെയിൻമെന്റ് സോണിൽ എല്ലാവരെയും ക്വാറന്റൈൻ ചെയ്യും. പൂന്തുറ അടക്കമുള്ള പ്രദേശത്തെ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗര അതിർത്തികൾ പൂർണമായും അടച്ചു. നഗരത്തിൽ വിലക്കു ലംഘനം നടത്തിയ 85 പേർക്കെതിരെ കേസെടുത്തു.
മാസ്ക് ധരിക്കാതെ രണ്ടുവട്ടം പിടിച്ചാൽ നിർബന്ധിത ക്വാറന്റെെൻ
മാസ്‌ക് ധരിക്കാത്തതിനു 653 പേർക്കെതിരെ തലസ്ഥാനത്ത് കേസെടുത്തു. ഒരാളെ മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടികൂടിയാൽ അയാളെ നിർബന്ധിത ക്വാറന്റൈനിലാക്കുമെന്നും പൊലീസ്. നിയന്ത്രണങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ ലോക്ക് ഡൗൺ കഴിയുന്ന മുറയ്ക്കേ വിട്ടുനൽകൂ. സാമൂഹിക അകലവും സമയക്രമവും പാലിക്കാതെ പ്രവർത്തിക്കുന്ന കടയുടമകൾക്കെതിരെ കേസെടുത്ത് കടകൾ പൂട്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നഗരാതിർത്തികൾ അടച്ചുകൊണ്ടുള്ള പൊലീസ് പരിശോധന രാത്രിയും പകലും കർശനമാക്കും. രോഗവ്യാപനം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും വിലക്ക് ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.