തിരുവനന്തപുരം: ഭാവനയിൽ കാര്യങ്ങൾ കെട്ടിച്ചമച്ചും , ആക്ഷേപങ്ങളുന്നയിച്ചും തന്നെ ചാടിച്ചു കളയാമെന്ന് വിചാരിച്ചാൽ അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നതിനെ കുറിച്ചായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

"എന്റെ രാജി മാത്രമല്ല, ഞാനീ സ്ഥാനത്തേ ഉണ്ടാവരുതെന്നല്ലേ അവരാഗ്രഹിക്കുന്നത്. അത് സ്വാഭാവികമല്ലേ. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഒരാളിരിക്കുമ്പോൾ ആ സ്ഥാനത്ത് അയാളുണ്ടാകാതിരിക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചാൽ മറ്റെന്തെങ്കിലും പറയാനാവുമോ? പക്ഷേ, അതിന് നെറികേടുകൾ കാണിക്കരുത്. ശരിയായ മാർഗത്തിലുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്. സർക്കാർ സ്വീകരിച്ച നടപടികളിൽ പിശകുകളുണ്ടെങ്കിൽ അത് ജനങ്ങളോട് പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നോക്കുക"- മുഖ്യമന്ത്രി പറഞ്ഞു.

സ്വർണ്ണക്കടത്ത് വിവാദത്തിൽ എല്ലാം താൻ പറഞ്ഞുകഴിഞ്ഞിട്ടുള്ളതിനാൽ ആവർത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിലല്ല നമ്മളിപ്പോൾ നിൽക്കുന്നത്. സ്വർണ കള്ളക്കടത്തിലുൾപ്പെട്ടവരെ പിടിക്കുന്നതിനുള്ള നീക്കങ്ങൾ നല്ലത് പോലെ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ എന്ത് സഹായം നൽകാനും സന്നദ്ധമാണെന്ന് അഡ്വാൻസായി പറഞ്ഞിട്ടുമുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തർക്കം ഇതിൽ ഉയർന്നു വന്നിട്ടുമില്ല. നിയമവ്യവസ്ഥ വച്ച് കേന്ദ്രം ആവശ്യപ്പെടാതെ നമുക്ക് നേരിട്ട് കാര്യങ്ങൾ ചെയ്യാനാവില്ല.

സ്വർണ്ണക്കടത്ത് വലിയതോതിൽ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതാണെന്നത് നല്ലതുപോലെ നാം ഉൾക്കൊള്ളേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനത്തും പ്രത്യേക സാഹചര്യമുണ്ട്. നാട്ടുകാർക്ക് സ്വർണ്ണത്തോട് വല്ലാത്ത കമ്പമാണ്. എത്ര കള്ളക്കടത്ത് വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വൻശക്തികളെ നിയമത്തിന്റെ കരങ്ങളിൽപ്പെടുത്താനാവണം. സമഗ്രമായ അന്വേഷണം കേന്ദ്രത്തിൽ നിന്ന് വേണമെന്ന് പറയുമ്പോൾ അതെല്ലാം തന്നെയാണുദ്ദേശിക്കുന്നത്.സംസ്ഥാന സർക്കാരിനെതിരെ എന്തെങ്കിലും പ്രശ്നങ്ങളുയർത്തിക്കൊണ്ടുവരാനാകുമോയെന്ന് നോക്കുന്നവരുണ്ട്. എന്താണതിന്റെ അർത്ഥമെന്നും എന്തിന് വേണ്ടിയാണ് പറയുന്നതെന്നും ജനം മനസ്സിലാക്കുന്നുണ്ട്.

സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റിനിറുത്തിയത് വിവാദത്തിൽപ്പെട്ട സ്ത്രീയുമായി ബന്ധപ്പെട്ടതിനാണ്. അതുമായി ബന്ധപ്പെട്ട് ഇവിടെ വേറെ അന്വേഷണമാവശ്യമില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.