തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും നിയന്ത്രിത മേഖലയിലുള്ള എല്ലാവരെയും ക്വാറന്റൈൻ ചെയ്യേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടും.സംസ്ഥാനത്തിന്റെ രക്ഷയ്ക്കുവേണ്ടി നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ സൂപ്പർ സ്‌പ്രെഡിൽ നിന്ന് സമൂഹ വ്യാപനത്തിലേക്ക് എത്തും. പൂന്തുറയിൽ സൂപ്പർ സ്‌പ്രഡിലേക്ക് നീങ്ങാൻ അധികസമയം വേണ്ടിവന്നില്ല. സ്വയം നിയന്ത്രിക്കണം.വലിയ ആൾക്കൂട്ടമുണ്ടാകാൻ പാടില്ല. ആൾക്കൂട്ടത്തിലെ ഒന്നോ രണ്ടോ പേർക്ക് രോഗമുണ്ടായാൽ എല്ലാവരിലേക്കും പകരും. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ രോഗബാധയുണ്ടായെന്ന് വരാം.
റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ഇവർക്ക് വീണ്ടും രോഗം ബാധിച്ചാൽ ചികിത്സിച്ച് ഭേദമാക്കുക പ്രയാസമായിരിക്കും. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമല്ലിത് എന്ന ബോധമില്ലെങ്കിൽ നമ്മൾ ഇതുവരെ സ്വീകരിച്ച ക്രമീകരണങ്ങളെല്ലാം അസ്ഥാനത്താകും. പിന്നെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതമാകും. ആൾക്കാർ കൂടുതലുള്ള വീടുകളിലുള്ളവരെ സംരക്ഷിക്കാൻ അവരെ മാറ്റി പാർപ്പിക്കേണ്ടിവരും. കേസുകളുടെ എണ്ണവും ദൈനംദിന റിപ്പോർട്ടും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുക. തിരുവനന്തപുരം നഗരത്തിൽ മൂന്ന് ദിവസം കൊണ്ട് 213 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 95 പേരിൽ 88പേർക്കും സമ്പർക്കത്തിലൂടെയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.