swapna-sandeep

തിരുവനന്തപുരം: നെടുമങ്ങാട്ടെ കുടിലിൽ നിന്ന് ആഡംബര ജീവിതത്തിലേക്കുള്ള സന്ദീപ് നായരുടെ വളർച്ച നാട്ടുകാരും സുഹൃത്തുക്കളും അത്ഭുതത്തോടെയാണ് കണ്ടത്. തടിമില്ലിലെ പണിയും മദ്യപാനവും ഇടയ്ക്ക് ഡ്രൈവർ ജോലിയും ക്രിമിനൽ കേസുകളുമൊക്കെയായി കഴിഞ്ഞിരുന്ന സന്ദീപ് പെട്ടെന്നാണ് ബെൻസ് കാറുകളിൽ വിലസാൻ തുടങ്ങിയത്. വിലകൂടിയ മദ്യം മാത്രം കഴിക്കും.

നെടുമങ്ങാട് കൊല്ലങ്കാവിന് സമീപം രാമപുരത്ത് എൽ.ഐ.സി ഏജന്റായ അമ്മ ഉഷയ്ക്കൊപ്പം ചെറിയ വീട്ടിലായിരുന്നു താമസം. മനോദൗർബല്യമുള്ള ഏക സഹോദരൻ സ്വരൂപും ഇവർക്കൊപ്പമായിരുന്നു. മദ്യപാനിയായ പിതാവ് നേരത്തെ മരിച്ചിരുന്നു. പിന്നീട് മുക്കോലയ്ക്കൽ എന്ന സ്ഥലത്തെ ഇടിഞ്ഞുവീഴാറായിരുന്ന വാടക കെട്ടിടത്തിലേക്ക് താമസം മാറ്റി. ചാലയിലെ കോർപ്പറേഷൻ കൗൺസിലറുടെ തടിമില്ലിൽ സന്ദീപ് ജോലിക്ക് കയറി. അത് അധികകാലം നീണ്ടില്ല.പിന്നീടാണ് എയർപോർട്ടിൽ എയർ ഇന്ത്യ സാറ്റ്സിന്റെ കമ്പനിയിലെ ഡ്രൈവറായത്. ഇവിടെ വെച്ചാണ് സ്വപ്‌നയുമായി പരിചയത്തിലാകുന്നത്. അതോടെ ജീവിതം വഴിമാറി.സ്വർണക്കടത്തിലൂടെ ലക്ഷങ്ങൾകിട്ടി. തുടർന്ന് ഈവന്റ് മാനേജ്മെന്റിലേക്ക് സന്ദീപ് തിരിഞ്ഞു. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വിവാഹം കഴിക്കുന്നത്. ഭാര്യയുമൊത്ത് വെള്ളനാടിനടുത്ത് നെട്ടിറച്ചിറയിലേക്ക് താമസം മാറ്റി. പക്ഷെ ഇൗ സമയത്ത് നെടുമങ്ങാട് വരികയോ, അമ്മയെയും സഹോദരനെയും നോക്കുകയോ ചെയ്തിട്ടില്ലെന്നാണ് അമ്മയുടെ പരാതി. എൽ.ഐ.സി ജോലി അവസാനിപ്പിച്ച ഉഷ നെടുമങ്ങാട് റവന്യൂ ടവറിൽ എത്തുന്നവർക്ക് അപേക്ഷകൾ തയ്യാറാക്കി നൽകിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വർണക്കടത്ത് പുറത്തായശേഷം ഉഷ അവിടെ വന്നിട്ടില്ല.

സ്വർണക്കടത്ത് സൗമ്യയും അമ്മയും അറിയാതിരിക്കാൻ സന്ദീപ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. വിദേശയാത്രകൾക്ക് ഓരോരോ കാരണങ്ങളായിരുന്നു ഭാര്യയോട് പറഞ്ഞിരുന്നത്.

മൂന്നുവർഷമായി സ്വപ്‌നയുമായി ബന്ധമുണ്ട്. അതിനോടകം സ്വപ്നയുടെ വിശ്വസ്തനായി മാറിയിരുന്നു. സ്വർണക്കടത്ത് മറച്ചുപിടിക്കാൻ കാർബൺ ഡോക്ടർ എന്ന പേരിൽ പലയിടത്തും കാർ വർക്ക്ഷോപ്പുകൾ തുടങ്ങി. ഇക്കഴിഞ്ഞ ഡിസംബറിൽ നെടുമങ്ങാട് പത്താംകല്ലിൽ തുടങ്ങിയ ബ്രാഞ്ചാണ് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തത്. സ്വപ്നയാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. പത്തനംതിട്ടയിലെ വർക്ക്ഷോപ്പ് അടുത്തയാഴ്ച തുറക്കാനിരിക്കെയാണ് സ്വർണക്കടത്ത് പുറത്തായതും സന്ദീപ് ഒളിവിൽ പോയതും.

വരുമാനത്തിന്റെ ഉറവിടം ആരും സംശയിക്കാതിരിക്കാനാണ്

വാടകവീട്ടിൽ താമസിച്ചതെന്ന് കരുതുന്നു. ആഡംബര കാറുകൾ ഉപയോഗിക്കുന്നതിനൊപ്പം കാറുകൾ മറിച്ചുവിൽക്കുന്ന ബിസിനസും ഉണ്ടായിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ബെൻസ് കാറാണ് ഉപയോഗിക്കുന്നത്. എന്നാൽ,​ അത് സന്ദീപിന്റെ സ്വന്തമാണോയെന്ന് ഉറപ്പില്ല.