lockdown

തിരുവനന്തപുരം: കുമരിച്ചന്തയിലെ മീൻമാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗബാധ പൂന്തുറ കടപ്പുറമാകെ പരന്നു. രോഗഭീതിയിൽ മുങ്ങിയ കടൽക്കരയിൽ ഇതുവരെ 237 പേർക്ക് ഒൗദ്യോഗികമായി രോഗം സ്ഥിരീകരിച്ചു.എന്നാൽ രോഗബാധിതരുടെ എണ്ണം അഞ്ഞൂറിലേറെ വരുമെന്നാണ് കണക്ക്.

ഇന്നലെ മാത്രം 77 പേർക്കാണ് പൂന്തുറയിൽ അസുഖം സ്ഥിരീകരിച്ചത്.കൊവിഡ് ബാധ സ്ഥിരീകരിച്ചവരിൽ ഒരു വയസുള്ള കുഞ്ഞുൾപ്പെടെ പത്ത് വയസിൽ താഴെയുള്ള 11 കുട്ടികളുണ്ട്.പൂന്തുറ പള്ളിയിലെ വൈദികനും അസുഖം സ്ഥിരീകരിച്ചു. മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന 15 പേരും മൂന്ന് ആട്ടോ ഡ്രൈവർമാരും അസുഖം സ്ഥിരീകരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉറവിടം വ്യക്തമാകാത്തവരും കൂട്ടത്തിലുണ്ട്. ഏറ്റവും കൂടുതൽ രോഗികളുണ്ടായ ദിനം കൂടിയാണ് ഇന്നലെ. ദിവസം തോറും വർദ്ധിക്കുന്ന രോഗികളുടെ കണക്ക് വരും ദിവസങ്ങളിലും ആവർത്തിക്കുമോയെന്ന പേടിയിലാണ് പ്രദേശവാസികൾ. ആറ് ദിവസത്തിനുള്ളിൽ 237 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ നാലുദിവസങ്ങളായി പൂന്തുറയാകെ അടച്ചിട്ടിരിക്കുകയാണ്. മീൻപിടിക്കാൻപോലും ആരും പുറത്തിറങ്ങുന്നില്ല. പൊലീസും കമാൻഡോയും റോഡിലാകെ റോന്ത് ചുറ്റുകയാണ്. പുറത്തിറങ്ങിയാൽ പിടിവീഴുമെന്നാണ് സ്ഥിതി. കടകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. സർക്കാർ ഒാഫീസുകളിലും പൊലീസിലും പ്രവർത്തിക്കുന്നവരെ ഇവിടേക്ക് തന്നെ മാറ്റിയിട്ടുണ്ട്. റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കടലിലും പുറത്തേക്കും അകത്തേക്കും ബോട്ടുകൾക്കും വള്ളങ്ങൾക്കും പോകാനാവാത്ത വിധം നിരോധനമാണ്. നഗരത്തിലേക്ക് മീൻവിൽക്കാനെത്തുന്നവരാണ് ഇവിടെ കൂടുതൽ. അതുകൊണ്ട് തന്നെ നഗരത്തിലേക്ക് രോഗം പകരാനുള്ള സാദ്ധ്യതയേറെയാണ്. ഇത് തടയാൻ പൂന്തുറയിലെ മുഴുവൻ ആളുകളെയും പരിശോധിക്കാനുള്ള നടപടിയാണ് അധികൃതർ നടത്തുന്നത്. പൂന്തുറ പ്രൈമറി ഹെൽത്ത് സെന്ററിൽ നടക്കുന്ന സ്രവ പരിശോധനയിൽ ഇന്നലെ കൂടുതൽ പേർ പങ്കെടുത്തു.

 സാമൂഹിക അകലം പാലിക്കാത്തവർക്ക് നേരെ ലാത്തിവീശി

സാമൂഹിക അകലം പാലിക്കാതെ കടകളിൽ സാധനം വാങ്ങാനെത്തിയവർക്ക് നേരെ പൊലീസ് ലാത്തിവീശി. തിരക്ക് നിയന്ത്രിക്കാനായി നൽകിയ നിർദ്ദേശം പാലിക്കാത്തവർക്ക് നേരെയാണ് പൊലീസിന് ലാത്തിവീശേണ്ടി വന്നത്. രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർദ്ധിക്കുമ്പോഴും വേണ്ടത്ര ജാഗ്രത കാണിക്കാത്ത ചിലരെങ്കിലുമുണ്ടെന്നും ആരോപണമുണ്ട്. 500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. രാത്രി പുറത്തിറങ്ങിയാൽ കേസിന് പുറമേ 2000 രൂപ പിഴയും ചുമത്തും. നിർദേശങ്ങൾ പാലിക്കാത്തവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കാനും നി‌ർദേശമുണ്ട്.