covid

140 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം : കേരളത്തിൽ കൊവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നതിന്റെ സൂചനയായി ഇന്നലെ 339 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കരോഗികളും വർദ്ധിക്കുകയാണ്. ഇതോടെ സംസ്ഥാനത്താകെ ആശങ്കപ്പെടേണ്ട രീതിയിൽ സമൂഹവ്യാപനം ഉണ്ടാകുന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികൾ മുന്നൂറ് കടക്കുന്നത്. ഈമാസം ഒൻപത് ദിവസത്തിനിടെ രോഗികൾ 2092 ആയി. ഇതിൽ 435 പേരും സമ്പർക്കരോഗികളാണ്. ഇന്നലെ മാത്രം 140 സമ്പർക്കരോഗികൾ. കഴിഞ്ഞ മാസംവരെ പുറത്തുനിന്ന് വന്നവരിലായിരുന്നു രോഗബാധ കൂടുതൽ. ഇപ്പോൾ സമ്പർക്ക രോഗികളാണ് കൂടുന്നത്.

തലസ്ഥാനത്ത് ഗുരുതരം

കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ നിന്നുള്ള രോഗവ്യാപനം ട്രിപ്പിൾ ലോക്ക് ഡൗണിലാക്കിയ തിരുവനന്തപുരം നഗരവും സമൂഹവ്യാപനത്തിന്റെ അതീവഗുരുതര ഭീഷണിയിലാണ്. നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് രോഗം എത്തി. പൂന്തുറയിലെ സൂപ്പർ സ്‌പ്രെഡിംഗും ആശങ്ക രൂക്ഷമാക്കുന്നു. തലസ്ഥാനത്ത് ഇന്നലെ രോഗം ബാധിച്ച 95പേരിൽ 92 പേരും സമ്പർക്ക രോഗികളാണ്. ആരോഗ്യവിദഗ്ദ്ധരും ദുരന്തനിവാരണ വിഭാഗവും ഇപ്പോൾ തലസ്ഥാനത്ത് ഇത്രയും രോഗവ്യാപനം പ്രതീക്ഷിച്ചിരുന്നില്ല. ജൂലായിൽ മലപ്പുറത്താണ് സമാനമായ സ്ഥിതി പ്രതീക്ഷിച്ചത്. അവിടെ വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ പേർ എത്തിയതാണ് ആ നിഗമനത്തിന് കാരണം.

കന്യാകുമാരിയിൽ നിന്ന് മത്സ്യവുമായി കുമരിച്ചന്തയിലെത്തിയ പൂന്തുറ സ്വദേശിയായ വ്യാപാരിയിൽ നിന്ന് രോഗം പകർന്നതാണ് തിരുവനന്തപുരത്തെ കണക്കുകൂട്ടൽ തെറ്റിച്ചത്. ഇയാളിലൂടെ മാത്രം 21 പേർക്ക് രോഗം പകർന്നു.

149 പേർക്ക് രോഗമുക്തി

ഇന്നലെ നാല് ആരോഗ്യ പ്രവർത്തകർക്കും (തൃശൂർ 3 , ഇടുക്കി 1)​ തൃശൂരിൽ ഒരു ബി.എസ്.എഫ് ജവാനും കണ്ണൂരിൽ ഒരു ഡി.എസ്.സി ജവാനും, ആലപ്പുഴയിൽ 2 ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിനും രോഗം ബാധിച്ചു. 149 പേർ ഇന്നലെ രോഗമുക്തരായി.

വലിയ പ്രതിസന്ധി: മുഖ്യമന്ത്രി

സംസ്ഥാനത്താകെ സമൂഹ വ്യാപനത്തിന്റെ സൂചനകളാണ്. കൂടുതൽ നഗരങ്ങളിൽ മൾട്ടിപ്പിൾ ക്‌ളസ്റ്ററുകൾ രൂപം കൊള്ളാനുള്ള സാദ്ധ്യത ഏറെയാണ്. കൊച്ചിയിലും സമാനമായ വെല്ലുവിളിയുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടിവരും.