bjp

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രത്തിന്റെ പിന്തുണയോടെ ,സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് സംസ്ഥാന ബി.ജെ.പി ഘടകം.

അതേ സമയം, പ്രക്ഷോഭങ്ങളിൽ തങ്ങളെക്കാൾ യു.ഡി.എഫ് മുന്നേറാതിരിക്കാൻ ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ സരിത കേസിനെ ഇതുമായി ബന്ധപ്പെടുത്താനും ശ്രമമുണ്ട്. അധികാര കേന്ദ്രങ്ങളിൽ ഇടനിലക്കാർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ യു.ഡി.എഫ് ശൈലി തന്നെയാണ് എൽ.ഡി.എഫും അനുവർത്തിക്കുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നതും ഇതിനാലാണ്.

കൊവിഡിന്റെ തുടക്കത്തിൽ സ്പ്രിൻക്ലർ , മണലെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി യു.ഡി.എഫ് മുന്നേറിയപ്പോൾ, ബി.ജെ.പി സംസ്ഥാന ഘടകത്തിന് വേണ്ടത്ര ശോഭിക്കാനായില്ല. എന്നാൽ സ്വർണക്കടത്ത് വിവാദത്തിൽ യു.ഡി.എഫിനെക്കാൾ ഒരു പടി മുന്നിലെത്താൻ കഴിഞ്ഞെന്നാണ് പാർട്ടിയുടെ അവകാശ വാദം. ഇന്നലെ നിയോജക മണ്ഡലങ്ങളിൽ തുടങ്ങിയ പ്രതിഷേധം ഇന്നും നാളെയും പഞ്ചായത്തുകളിലും, തുടർന്ന് വാർഡുകളിലും ശക്തമാക്കും.

സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര ആഭ്യന്തര, ധന, വിദേശ കാര്യ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുള്ള നീക്കമാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ,എൻ.ഐ.എ , സി.ബി.ഐ തുടങ്ങിയവയും കസ്റ്റംസ് വകുപ്പിന്റെ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. അതേ സമയം,സ്വർണ കള്ളക്കടത്തിന് തീവ്രവാദ ബന്ധമുണ്ടാകാമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തന്റെ നിഗമനം.