
കോവളം: വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് വിഴിഞ്ഞത്ത് നിരീക്ഷണക്യാമ്പൊരുക്കി അധികൃതർ. വിഴിഞ്ഞം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലാണ് നിരീക്ഷണ ക്യാമ്പ് തുറക്കുന്നത്. വിഴിഞ്ഞം ഇടവകയുടെ സഹകരണത്തോടെയാണ് 18 മുറികളുള്ള നിരീക്ഷണ ക്യാമ്പ് സജ്ജമാക്കുന്നത്. നഗരസഭയുടെ വിഴിഞ്ഞം മേഖലാ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു.ബി.പി.യുടെ നേത്യത്വത്തിൽ ശുചീകരണ തൊഴിലാളികളെത്തി സ്കൂളും പരിസരവും മുറികളും വൃത്തിയാക്കി. ക്യാമ്പിലെത്തുന്നവർക്ക് കിടക്കുന്നതിനുള്ള പായും തലയിണയും അടക്കമുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, റവന്യൂ, നഗരസഭ എന്നിവരുടെ നേത്യത്വത്തിലാണ് നിരീക്ഷണ ക്യാമ്പ് പ്രവർത്തിക്കുക. നഗരസഭയുടെ വിഴിഞ്ഞം സോണലിന് കീഴിൽ നിരീക്ഷണക്യാമ്പ് തുടങ്ങാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.