തിരുവനന്തപുരം: കുട്ടികളുടെ മാനസികാവസ്ഥ ഉൾക്കൊണ്ടുവേണം മാതാപിതാക്കൾ അവരെ തിരുത്താൻ ശ്രമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികളിലെ അത്മഹത്യ അതീവഗുരുതര സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു. മേയ് 25 നുശേഷം പതിനെട്ട് വയസിനു താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്തു. ഇന്നും ആത്മഹത്യയുണ്ട്.
കുട്ടികളെ തിരുത്തുന്നത് അവരുടെ മനസിനെ മുറിവേൽപ്പിച്ചുകൊണ്ടാവരുത്. പല ആത്മഹത്യകളും ഈ രീതിയിലാണ് ഉണ്ടായിട്ടുള്ളത്. അതിൽ നിന്ന് രക്ഷിതാക്കൾ പിൻതിരിയണം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ വേദനിക്കേണ്ടി വരും.
സ്ഥിരമായി വീടിനകത്തും പുറത്തും മദ്യപിക്കുന്ന അച്ഛനെ കുട്ടിക്ക് ഉൾക്കൊള്ളാനാകുന്നില്ല. സമൂഹത്തിൽ അവഹേളിതനാകുന്നതുകൊണ്ട് കുട്ടി ആത്മഹത്യ ചെയ്യുന്നു. സ്നേഹപൂർവം പെരുമാറണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുട്ടികളിൽ മാനസിക സംഘർഷം ഉണ്ടാകാൻ പാടില്ല. വിദ്യാഭ്യാസം അറിവ് നേടാനുള്ള ഉപാധിയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.