തിരുവനന്തപുരം: റേഷൻ കടകളിൽ വിതരണം ചെയ്ത ഉപയോഗ ശൂന്യമായ അരി സിവിൽ സപ്ളൈസ് അധികൃതർ തിരിച്ചെടുത്തു തുടങ്ങി. അതത് താലൂക്ക് സപ്ളൈ ഓഫീസർമാർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണിത്. നെടുമങ്ങാട് താലൂക്കിലെ റേഷൻ കടകളിൽ നിന്ന് 302 ചാക്ക് അരി മാറ്റി. വരും ദിവസങ്ങളിൽ മറ്റ് താലൂക്കുകളിലെയും മോശം അരി നീക്കും.
ഭക്ഷ്യസുരക്ഷാ ഗോഡൗണുകളിൽ സംഭരിച്ചിരുന്ന 1892 ടൺ അരിയും 627.91 ടൺ ഗോതമ്പും കേടായെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വീണ്ടും റേഷൻ കടകളിൽ പഴയ സ്റ്റോക്ക് അരി എത്തിച്ചത്. ഇക്കാര്യം തെളിവു സഹിതം ജൂൺ 29നും ജൂലായ് മൂന്നിനും 'കേരളകൗമുദി' റിപ്പോർട്ടു ചെയ്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് സിവിൽ സപ്ളൈസ് സെക്രട്ടറക്ക് മന്ത്രി പി.തിലോത്തമൻ നിർദ്ദേശം നൽകി. ജില്ലാ, താലൂക്ക് സപ്ളൈ ഓഫീസർമാർ അന്വേഷണം നടത്തുകയാണ്. നെടുമങ്ങാട്ട് അന്വേഷണം പൂർത്തിയായതിനെതുടർന്നാണ് പഴയ സ്റ്റോക്ക് മാറ്റിയത്.
ഗോഡൗണുകളിൽ അരി കേടായെന്ന റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച സാങ്കേതിക സമിതിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
പഴയ സ്റ്റോക്ക് കണ്ടെത്തുന്നതിൽ ഉഴപ്പ്
റേഷൻ കടകളിലെ പഴയ സ്റ്റോക്ക് കണ്ടെത്തുന്നതിൽ ചില ഉദ്യോഗസ്ഥർ ഉഴപ്പുന്നുണ്ടെന്നാണ് വിവരം. റേഷൻ കടകളിൽ പഴകിയ അരി എത്തിയെന്ന് കണ്ടാൽ ജീവനക്കാർ വിശദീകരണം നൽകേണ്ടി വരും. അതുകൊണ്ടാണ് ഉഴപ്പ്. കോട്ടയത്തും കൊല്ലത്തും തൃശൂരുമൊക്കെ പഴയ സ്റ്റോക്ക് എത്തിയതായി പരാതിയുണ്ടായിരുന്നു. കോട്ടയത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലും പഴയ അരി കണ്ടെത്തി.
റേഷൻകടകളിൽ പഴയ അരി കണ്ടെത്തിയാൽ അത് റേഷൻകടക്കാരൻ ചീത്തയാക്കിയതാണെന്നായിരിക്കും ഉദ്യോഗസ്ഥർ വാദിക്കുക. അതിന്റെ പിഴ കൂടി റേഷൻകടക്കാരന് ചുമത്തും. അതുകൊണ്ട് പലരും പുറത്തു പറയില്ല.
നെടുമങ്ങാട് ഗോഡൗണിൽ തർക്കം
നെടുമങ്ങാട്ടെ റേഷൻ കടകളിലെ മോശം അരി പുലിപ്പാറ ഗോഡൗണിൽ എത്തിച്ചപ്പോൾ തൊഴിലാളികൾ ഇറക്കാൻ അനുവദിച്ചില്ല. തുടർന്ന് സപ്ലൈകോയുടെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്.