cm

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 56 തീരദേശ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒമ്പത് തീരദേശ ജില്ലകളിൽ നിന്ന് 56 തീരദേശ സ്‌കൂളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കിഫ്ബി വഴി 64 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. ഓരോ വിദ്യാലയത്തിലും വിദ്യാർത്ഥി അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ആധുനിക ലൈബ്രറി, ലാബുകൾ, സ്റ്റാഫ് റൂം, ടോയ്ലെറ്റ് എന്നിവ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22,546 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിഅമ്മ, തോമസ് ഐസക്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, കെ.ടി. ജലീൽ, ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.